/indian-express-malayalam/media/media_files/uploads/2019/04/tikkaram-meena-cats-horz-002.jpg)
തിരുവനന്തപുരം: ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം നടത്തിയ തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കലക്ടറെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ക്കെതിരെ പറഞ്ഞത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കാം. പക്ഷെ ദൈവത്തിന്റെ പേര് ഉപയോഗിച്ച് വോട്ട് തേടരുത്. ഈ ഘട്ടത്തില്‍ ഞാന്‍ ഇടപെടേണ്ട കാര്യമില്ല. കലക്ടര്‍ നല്ല രീതിയില്‍ ബോധ്യപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കലക്ടറെ പെരുമാറ്റ ചട്ടം എന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിപ്പിക്കേണ്ട,' ടിക്കാറാം മീണ പറഞ്ഞു.
Read: ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഗതികേടാണ്: കലക്ടറുടെ നോട്ടീസിനെ കുറിച്ച് സുരേഷ് ഗോപി
അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർഥിച്ചതിന് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിക്ക് നോട്ടീസ് അയച്ച സംഭവത്തിലെ ബിജെപി വിമർശനങ്ങളെ വകവയ്ക്കുന്നില്ലെന്നാണ് തൃശൂർ ജില്ലാ കലക്ടർ ടി.വി.അനുപമ പറഞ്ഞത്. തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ഇതിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കലക്ടർ പറഞ്ഞു. നേരത്തെ, കലക്ടറുടെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കലക്ടറുടേത് വിവരമില്ലായ്മ എന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ വിമർശനം.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകും. ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. തൃശൂരില്‍ ശബരിമലയെ പരാമര്‍ശിച്ച് സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.