തൃശൂര്‍: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജനവിധി തേടാന്‍ എത്തുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറുന്നു. നിലവില്‍ തൃശൂര്‍ സീറ്റ് എന്‍ഡിഎ മുന്നണി നല്‍കിയിരിക്കുന്നത് ബിഡിജെഎസിനാണ്. തുഷാര്‍ വെള്ളാപ്പള്ളിയെയാണ് തൃശൂരില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍, തുഷാറിനെ വയനാട്ടിലേക്ക് മാറ്റാനാണ് സാധ്യത. ഇതേ കുറിച്ച് ബിജെപിയിലും ബിഡിജെഎസിലും ധാരണയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

Read More: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ എത്തുമ്പോള്‍ തൃശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കും. ബി.ഗോപാലകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവരുടെ പേരാണ് തൃശൂരില്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. തൃശൂരും വയനാടും ബിഡിജെഎസിന്റെ സീറ്റുകളാണ്. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട്ടില്‍ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസില്‍ നിന്ന് തിരിച്ചെടുക്കാനാണ് ബിജെപി തീരുമാനം. വയനാട്ടില്‍ ബിജെപിയുടെ ശക്തരായ ഏതെങ്കിലും സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധിക്കെതിരെ നിര്‍ത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, തുഷാറിനെ രംഗത്തിറക്കാന്‍ അമിത് ഷാ തന്നെ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Read More: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഗതികേട്‌ കൊണ്ടാണെന്ന് ശ്രീധരന്‍പിളള

അതേസമയം, രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് ഗതികേട് കൊണ്ടാണെന്ന് ബിജെപി പരിഹസിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് കോൺഗ്രസ് പാർട്ടിയുടെ അപചയത്തിന് തെളിവാണ്. ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയമാണിത്. മുസ്ലിം ലീഗിനെ ആശ്രയിച്ച് കോൺഗ്രസ് പ്രസിഡന്റിന് എത്തേണ്ടിവന്നു എന്നത് പരിതാപകരമാണ്. ബി.ജെ.പിയ്‌ക്ക് സംഘടനാപരമായി ശക്തമായ സ്വാധീനമുള്ള മണ‌്ഡലമാണ് വയനാടെന്നും, അതുകൊണ്ടുതന്നെ ശക്തമായ മത്സരം നടത്താൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.