ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കണമെങ്കില്‍ ബിജെപിക്ക് മുന്‍പില്‍ ഉപാധിവച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ നിന്ന് മത്സരിച്ച് തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കുമോ എന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍, ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല.

Read More: ആരാണ് ഈ സ്ഥാനാര്‍ത്ഥിയെന്ന് കൊല്ലത്തെ ബിജെപിക്കാര്‍ അന്വേഷിച്ച് നടക്കുകയാണ്: കോടിയേരി

തൃശൂരില്‍ തുഷാര്‍ മത്സരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍, തുഷാര്‍ മൗനം തുടരുകയാണ്. തുഷാറിന്റെ ഉറപ്പ് ലഭിക്കാത്തതാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും വൈകാന്‍ കാരണം. ഇതില്‍ ബിജെപിക്ക് അതൃപ്തിയുണ്ട്.

അതേസമയം, തൃശൂര്‍ സീറ്റില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനമാകാത്തതെന്ന് തുഷാര്‍ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനമാകുക. സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ചര്‍ച്ചകളുടെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോഴും ഡല്‍ഹിയിലുണ്ട്. സീറ്റുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവും ഇല്ലെന്നും ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും തുഷാര്‍ പറഞ്ഞു. നാളെയാണ് തൃശൂരിൽ ബിഡിജെഎസിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേരുക.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.