Lok Sabha Election Result in Kerala 2019: തൃശൂര്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നേട്ടം കൊയ്ത് ബിജെപി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 ലേക്ക് എത്തിയപ്പോള്‍ ബിജെപി തൃശൂരില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചെടുത്തു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി നേടിയത് 1,02,681 വോട്ടുകളാണ്. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ അത് ഭീമമായി വര്‍ധിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ സ്വന്തമാക്കി. ബിജെപി നല്ല രീതിയില്‍ വോട്ട് വര്‍ധിപ്പിച്ച ഒരു മണ്ഡലവും തൃശൂരാണ്.
Read More: യുപിഎ വീണ്ടും താഴേക്ക്; ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേക്ക്
എന്നാല്‍, നേരത്തെ തൃശൂര്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുരേഷ് ഗോപി. നല്ല രീതിയില്‍ വോട്ട് പിടിക്കാന്‍ കഴിയുമെന്നും വിജയം ഉറപ്പാണെന്നും അടക്കം സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നു. ഈ തൃശൂര് ഞാനെടുക്കാ എന്ന് പോലും സുരേഷ് ഗോപി പ്രസംഗിച്ചിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് തൃശൂര്‍ വിട്ടുനല്‍കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ തയ്യാറല്ല എന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ടി.എന്‍.പ്രതാപന്‍ 93,666 വോട്ടുകൾക്കാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമാസാണ്.
എല്‍ഡിഎഫിന് വലിയ രീതിയില്‍ ഇത്തവണ തൃശൂരില്‍ നിന്ന് വോട്ട് നഷ്ടമായിട്ടുണ്ട്. മൂന്നര ലക്ഷത്തോളം വോട്ട് ഉണ്ടായിരുന്ന എല്‍ഡിഎഫ് തൃശൂരില്‍ 3,21,000 ചുരുങ്ങിയിരിക്കുകയാണ്. എല്‍ഡിഎഫ് വോട്ടുകള്‍ വലിയ രീതിയില്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും പോയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായാലേ അന്തിമ കണക്കുകള്‍ പുറത്തുവരൂ.
Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് വിജയിച്ചു. ഒരു മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്.
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ടത്തിലാണ് കേരളം പോളിങ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.67 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നു ശേഷം ഇതാദ്യമായണ് പോളിങ് ശതമാനം ഇത്രത്തോളം ഉയരുന്നത്.