തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി തോമസ് ഐസക്. “സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പാർട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ,” ഐസക് പറഞ്ഞു. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പാർട്ടി വിരുദ്ധമാണെന്നും തോമസ് ഐസക് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ
“നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സ്ഥാനാർഥി പട്ടിക പാർട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് സിപിഐഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാന്‍ എല്ലാ പാർട്ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവര്‍.
ആലപ്പുഴയിലെ സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ പാർട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം പാർട്ടി വിരുദ്ധമാണ്. എന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാർഥിയും മന്ത്രിയുമായത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ആരു മത്സരിക്കുന്നതും പാർട്ടി തീരുമാനം അനുസരിച്ചാണ്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അത് അനുസരിക്കും. ഏതു പാർട്ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാര്‍ട്ടിയിലെ എന്റെ ചുമതല തീരുമാനിക്കാന്‍ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല.
അതുകൊണ്ട് എന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. അഭൂതപൂര്‍വമായ ജനപിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. തുടര്‍ ഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ജനങ്ങളും പാർട്ടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തില്‍ നഞ്ചുകലക്കുന്ന ഒരു പ്രവര്‍ത്തനവും പ്രതികരണവും പാർട്ടി അംഗങ്ങളുടെയോ സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും പാർട്ടിയേയും മുന്നണിയെയും സ്‌നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യര്‍ത്ഥിക്കുന്നു.”
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കിനും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇരുവരെയും മാറ്റി നിര്‍ത്താനുള്ള പാര്‍ട്ടി തീരുമാനം തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ വ്യക്തിപ്രഭാവം കൊണ്ട് നേടുന്ന വോട്ടുകളാണ് വിജയത്തിലേക്ക് എത്തിക്കുന്നത്. ആലപ്പുഴയും അമ്പലപ്പുഴയും പൊളിറ്റിക്കല്‍ മണ്ഡലങ്ങളല്ലെന്നും സീറ്റ് നിഷേധിച്ച തീരുമാനം പുനപരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.”
Read Also: ‘മുരളീധരൻ കേന്ദ്രമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു?’; ചോദ്യവുമായി പിണറായി
അതേസമയം, ആലപ്പുഴയിൽ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന നിലപാടിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ടില്ലെന്നാണ് സൂചന. എന്നാൽ, തോമസ് ഐസക്, ജി.സുധാകരൻ എന്നിവരെ രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് വീണ്ടും മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.