ന്യൂഡല്‍ഹി: ബിജെപിയുടെ അടിത്തറ വിദ്വേഷവും നുണയും നിറഞ്ഞതാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ എക്‍സ്‍പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.
Read More: ‘ചൗക്കിദാർ ചോർ ഹേ’ എന്നു പറഞ്ഞത് ഞാനല്ല, ജനങ്ങളാണ്: രാഹുൽ ഗാന്ധിയുമായുളള അഭിമുഖം
2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കാരണം ഉത്തര്‍പ്രദേശിലെ നേട്ടമാണ്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഇത്ര വലിയ വിജയം ലഭിച്ചില്ലായിരുന്നെങ്കില്‍ ബിജെപി കേന്ദ്രീകൃത സര്‍ക്കാര്‍ അധികാരത്തിലെത്തില്ലായിരുന്നു. ഇത്തവണ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നഷ്ടമുണ്ടായാല്‍ മറ്റ് എവിടെ നിന്ന് സീറ്റുകള്‍ കിട്ടും എന്നതാണ് ചോദ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ക്ഷുഭിതരാണ്. കാരണം, നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ട് കോടി തൊഴിൽ അവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന് രാജ്യത്തുള്ള തൊഴില്‍ അവസരം കൂടി മോദി ഇല്ലാതാക്കി. ജോലിയില്ലാത്ത യുവാക്കളോട് പക്കവട ഉണ്ടാക്കാനാണ് മോദി പറഞ്ഞതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
ബിജെപിയുടെ ശക്തിയും അടിത്തറയും നുണയിലും വിദ്വേഷത്തിലും ഊന്നിയതാണ്. ഞാന്‍ പിന്നോക്ക ജാതിയില്‍ നിന്നുള്ളവനാണെന്നാണ് യുപിയിലെത്തി മോദി പറഞ്ഞത്. എന്നാല്‍, അങ്ങനെയല്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. സാമൂഹ്യനീതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് മഹാസഖ്യം പ്രവര്‍ത്തിക്കുന്നതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലും എസ്.പി – ബി.എസ്.പി സഖ്യം ഉത്തര്‍പ്രദേശില്‍ തുടരും. ഇത് ഭാവിക്ക് വേണ്ടിയുള്ള സഖ്യമാണ്. സഖ്യത്തെ കുറിച്ച് സംസാരം ആരംഭിച്ചപ്പോള്‍ തന്നെ താന്‍ പറഞ്ഞത് രണ്ടടി മുന്നില്‍ നടക്കണമെങ്കില്‍ അതിനും തയ്യാറാണ് എന്നാണ്. രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ളതാണ് മഹാസഖ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Read More: ബി.എസ്.പി-എസ്.പി സൗഹൃദം കപടം, മെയ് 23 ന് ശേഷം വീണ്ടും ശത്രുക്കളാകും: മോദി
കോണ്‍ഗ്രസിനെതിരെയും അഖിലേഷ് യാദവ് വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരേ നയങ്ങളുള്ള പാര്‍ട്ടികളാണ്. കോണ്‍ഗ്രസും ബിജെപിയും തെറ്റായ നയങ്ങളിലൂടെ സഞ്ചരിച്ചില്ലായിരുന്നെങ്കില്‍ രാജ്യം സമൃദ്ധിയിലായേനെ എന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
എസ്.പി – ബി.എസ്.പി സഖ്യമാണ് ഉത്തർപ്രദേശിൽ ഇത്തവണ ബിജെപിക്ക് ഏറ്റവും വലിയ എതിരാളികൾ. കോൺഗ്രസിനായി അമേഠിയും റായ്ബറേലിയും എസ്.പി – ബി.എസ്.പി സഖ്യം ഒഴിച്ചിട്ടുണ്ട്. മഹാസഖ്യം ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. 2014 ൽ ബിജെപി മുന്നേറ്റം ഉണ്ടാക്കിയ യുപിയിലെ സീറ്റുകളിൽ ഇത്തവണ മഹാസഖ്യം നേടുന്ന വോട്ടുകളായിരിക്കും നിർണായകമാകുക.