ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ എല്ലാവര്‍ക്കും മോദി നന്ദി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തു.

Express photo by Tashi Tobgyal

രാജ്യത്തിന് വേണ്ടി സേവനം ചെയ്ത മന്ത്രിമാര്‍ക്ക് നന്ദി രേഖപ്പെടുത്താനുള്ള അവസരമാണ് ന്യൂഡല്‍ഹിയിലെ കൂടിക്കാഴ്ചയെന്ന് ബിജെപി നേതൃത്വം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിധിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, ജെ.പി.നഡ്ഡ, പ്രകാശ് ജാവേദ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ കേന്ദ്രമന്ത്രിമാര്‍ യോഗത്തില്‍ പ്രകടിപ്പിച്ചു. ബിജെപി നേതാക്കള്‍ക്കും മറ്റ് എന്‍ഡിഎ നേതാക്കള്‍ക്കും അമിത് ഷാ ഇന്ന് അത്താഴവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ നേതാക്കള്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തി തുടങ്ങി.

Read More: മലയാളികള്‍ക്ക് വിദ്യാഭ്യാസം ഉളളത് കൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് ഒരു ലോക്സഭാ സീറ്റ് പോലും കിട്ടാത്തത്: ഡോ. ഉദിത് രാജ്

കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ വൈകാരികമായി മോദി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. ജനം ക്രിയാത്മകമായി തിരഞ്ഞെടുപ്പില്‍ പ്രതികരിച്ചു എന്നും ഇത് ആരെയും തോല്‍പ്പിക്കാനുള്ള തിരഞ്ഞെടുപ്പ് ആയിരുന്നില്ല എന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസങ്ങളായി 24,25 തീയതികളില്‍ കേന്ദ്രമന്ത്രിമാരോട് ഡല്‍ഹിയിലെത്തി ചേരാന്‍ മോദിയും അമിത് ഷായും നിര്‍ദേശിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Express photo by Tashi Tobgyal

ഭൂരിഭാഗം ഏക്സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിച്ചതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നണി. എന്നാല്‍ പ്രതിപക്ഷം, സഖ്യ നീക്കം സജീവമാക്കിയ സാഹചര്യത്തില്‍ എന്‍.ഡി.എയും നേരത്തെ ഒരുങ്ങുകയാണ്. എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന്റെ തൊട്ടുപിന്നാലെയാണ് അമിത് ഷാ വിരുന്നൊരുക്കുകയും യോഗം വിളിക്കുകയും ചെയ്തത്. ഡല്‍ഹിയിലെ ‘ദി അശോക്’ ഹോട്ടലില്‍ വച്ചാണ് അമിത് ഷാ വിരുന്ന് നടത്തുന്നത്. അവിടെ വച്ചായിരിക്കും സഖ്യധാരണകള്‍ ചര്‍ച്ച ചെയ്യുക.

Read More Election News Here

എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.