ചെന്നൈ: തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത 10 വർഷത്തേക്കുള്ള വാഗ്‌ദാനങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ദർശന രേഖ (Vision Document) ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ഞായറാഴ്ച പുറത്തിറക്കി.
വീട്ടമ്മമാർക്ക് പ്രതിമാസ വേതനം, പ്രതിവർഷം 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ദാരിദ്ര്യ നിർമ്മാർജ്ജനം, ഇരട്ട വിള കൃഷി 10 ലക്ഷം ഏക്കറിൽ നിന്ന് 20 ലക്ഷം ഏക്കറിലേക്ക് വർധിപ്പിക്കുക, സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കുക എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ തമിഴ്‌നാട് ഗ്രാമങ്ങളിലും ഭക്ഷ്യധാന്യങ്ങൾ, തേങ്ങ, പരുത്തി, സൂര്യകാന്തി, 20 ലക്ഷം കോൺക്രീറ്റ് വീടുകൾ, ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി എന്നിവ ലഭ്യമാക്കൽ തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് ദർശന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
36 ലക്ഷം വീടുകൾക്ക് പൈപ്പ് ജലസൗകര്യമൊരുക്കുക, എല്ലാ നഗരപ്രദേശങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കുക എന്നിവയും വാഗ്‌ദാനങ്ങളിൽ ഉൾപ്പെടുന്നു.
ട്രിച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സംഘടിപ്പിച്ച റാലിയിലാണ് സ്റ്റാലിൻ ദർശന രേഖ പ്രഖ്യാപിച്ചത്. “ഇന്ന് എന്റെ സ്വപ്നങ്ങൾ വെളിപ്പെടുത്താനുള്ള സ്ഥലമാണ് ട്രിച്ചി, ഈ വലിയ ജനക്കൂട്ടത്തെ കണ്ട് ഞാൻ അമ്പരന്നു. ഇത് എന്നിൽ വലിയ പ്രതീക്ഷ ഉളവാക്കുന്നു,” സ്റ്റാലിൻ പറഞ്ഞു.
വാഗ്‌ദാനങ്ങൾ ലിസ്റ്റുചെയ്ത പ്രസംഗത്തിൽ സ്റ്റാലിൻ മുൻകാലത്തെ ഡിഎംകെ ഭരണകൂടങ്ങളെയും ഡിഎംകെ വിജയങ്ങളിൽ ട്രിച്ചിയുടെ പ്രാധാന്യത്തെയും അനുസ്മരിച്ചു.
“ഇന്നത്തെ റാലി ഒരു സ്ഥലത്ത് അഞ്ച് റാലികൾ ഒരുമിച്ച് നടക്കുന്നതുപോലെയാണ്,” സ്റ്റാലിൻ പറഞ്ഞു. ഏപ്രിൽ ആറിന് തമിഴ്‌നാട് എഐഎഡിഎംകെ ഭരണം അവസാനിപ്പിക്കുമെന്നും ഡിഎംകെ ഭരണകൂടം മേയ് രണ്ടിന് അധികാരം ഏറ്റെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
“വളരുന്ന അവസരങ്ങൾ, സമൃദ്ധമായ തമിഴ്നാട്” എന്ന തലക്കെട്ടിലുള്ള സ്റ്റാലിന്റെ ദർശന രേഖ, വരുന്ന ദശകത്തിൽ പദ്ധതികൾ ആവിഷ്കരിക്കുകയും, സംസ്ഥാനത്തിന് ഇരട്ട അക്ക വളർച്ചാ നിരക്ക് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. പ്രതിവർഷം 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ദാരിദ്ര്യത്തിൽ നിന്ന് ഒരു കോടി ജനങ്ങളെ ഉയർത്തുന്നതിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വ്യക്തിയുമില്ലാതെ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌സി, എസ്ടി, ഒബിസി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിക്കുക, സ്‌കൂൾ വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോകൽ നിരക്ക് 16 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുക, സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ പഞ്ചായത്ത് യൂണിയനുകളിലെയും മോഡൽ സ്‌കൂളുകൾ, ആശുപത്രികൾ, ഡോക്ടർമാരുടെ എണ്ണം, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരുടെ എണ്ണം ഇരട്ടിയാക്കുക എന്നിങ്ങനെയാണ് മറ്റ് വാഗ്‌ദാനങ്ങൾ.