തൃശൂര്‍: സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തൃശൂരിനെ പോരാട്ട ഭൂമിയാക്കും. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലാകും മത്സരം നടക്കുക എന്ന രാഷ്ട്രീയ നിരീക്ഷണത്തിന് തിരിച്ചടിയേകുന്നതാണ് കഴിഞ്ഞ ദിവസം നടന്ന സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതോടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്.

Read More: ലോക്‌സഭ തിരഞ്ഞെടുപ്പ് 2019: വാട്സ്ആപ്പിലെ വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം?

എന്‍ഡിഎ കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് തൃശൂരില്‍ നേടിയത്. 2014 ല്‍ ബിജെപിയായിരുന്നു സീറ്റില്‍ മത്സരിച്ചത്. എന്നാല്‍, ഇത്തവണ അത് ഘടകക്ഷിയായ ബിഡിജെഎസിന് നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തന്നെ സ്ഥാനാര്‍ഥിയായും തീരുമാനിച്ചു. എന്നാല്‍, മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ ഇത് ആശങ്കയിലാഴ്ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപി സ്ഥാനാര്‍ഥിക്ക് സാധിച്ചതിനാല്‍ ഇത്തവണയും സീറ്റ് ബിജെപിക്ക് തന്നെയായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ ഉറപ്പിച്ചിരുന്നു.അതുകൊണ്ടാണ് തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും മുന്‍പേ പലയിടത്തും തമര ചിഹ്നം വരയ്ക്കാന്‍ തുടങ്ങിയത്. എന്നാല്‍, അപ്രതീക്ഷിതമായി സീറ്റ് ബിഡിജെഎസിന് നല്‍കുന്നതായി പ്രഖ്യാപനമുണ്ടായി. അതിനു പിന്നാലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ആദ്യം വരച്ച താമര ചിഹ്നങ്ങളെല്ലാം മായ്ച്ച് കുടം വരയ്ക്കുന്ന തിരക്കിലായിരുന്നു പ്രവര്‍ത്തകര്‍ പിന്നീട്. ബിഡിജെഎസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കുടമാണ്. തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കിയതോടെ ബിജെപി അനുകൂല നിലപാടുള്ള നായര്‍ സമുദായത്തില്‍ അതൃപ്തിയുണ്ടാകുകയും ചെയ്തു.

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കായി പതിച്ച പോസ്റ്റര്‍

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതോടെ തുഷാറിനായി പലയിടത്തും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ‘തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെ നഗരത്തിലും ഗ്രാമങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘എന്‍ഡിഎ സ്ഥാനാര്‍ഥിയെ കുടം ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’ എന്ന ചുമരെഴുത്തുകളും സജീവമായി. തീരദേശ എന്‍ഡിഎ കണ്‍വെന്‍ഷന്‍ നടക്കുന്നതിന് ഒരു ദിവസം മുന്‍പാണ് അടുത്ത ട്വിസ്റ്റ് വരുന്നത്. ബിഡിജെഎസില്‍ നിന്ന് സീറ്റ് ബിജെപിയിലേക്ക്. തൃശൂരിലെ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട്ടിലേക്ക് ചുരം കയറി. പെട്ടുപോയത് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരാണ്. തുഷാറിനായുള്ള പോസ്റ്ററുകളും ചുമരെഴുത്തുകളും മായ്ക്കുന്ന തിരക്കിലാണ് ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍. എന്‍ഡിഎയുടെ പുതിയ സ്ഥാനാര്‍ഥിയായി തൃശൂരിലെത്തിയിരിക്കുന്നത് സാക്ഷാല്‍ സുരേഷ് ഗോപിയും. പ്രചാരണ പരിപാടികള്‍ ഉടന്‍ ആരംഭിക്കാനുള്ള തിരക്കിലാണ് എന്‍ഡിഎ മുന്നണി. തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പതിക്കണം, കുടത്തിന് പകരം താമര, ബിഡിജെഎസിന് പകരം ബിജെപി…ആകെ തിരക്കിലാണ് തൃശൂരിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും.

Read More: രാഹുൽ ഗാന്ധിയെ വീഴ്ത്താൻ യെച്ചൂരി; വയനാട്ടിൽ പ്രചാരണത്തിനെത്തും

തൃശൂരില്‍ പ്രചാരണം നടത്തി മുന്നേറുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമൊരുക്കിയിരുന്നു. ദേശീയ നേതാക്കള്‍ അടക്കം തുഷാറിനായി തൃശൂരിലെത്താന്‍ നില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി മാറ്റം വരുന്നത്.

പരമ്പരാഗത ബിജെപി വോട്ടുകള്‍ക്കൊപ്പം സുരേഷ് ഗോപിയുടെ താരപദവി കൂടി മാര്‍ക്കറ്റ് ചെയ്യുകയാണ് തൃശൂരില്‍ പാര്‍ട്ടിയും മുന്നണിയും ലക്ഷ്യം വയ്ക്കുന്നത്. പ്രചാരണത്തിന് ദിവസങ്ങള്‍ കുറവാണെങ്കിലും സുരേഷ് ഗോപിക്ക് വേണ്ടി മികച്ച രീതിയിലുള്ള പ്രചാരണമാണ് ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നപ്പോള്‍ തൃശൂരില്‍ പടക്കം പൊട്ടിച്ചും പ്രകടനങ്ങള്‍ നടത്തിയുമാണ് ബിജെപി ആഘോഷിച്ചത്.

Read More: ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലായി പൂരനഗരി ഒരു മുന്നണിക്കും തുടര്‍ച്ച നല്‍കിയിട്ടില്ല. മുന്നണികളെ മാറി മാറി പരീക്ഷിക്കുകയാണ് തൃശൂര്‍ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലായി. നിലവില്‍ സീറ്റ് എല്‍ഡിഎഫിനൊപ്പമാണ്. സിപിഐയുടെ സി.എന്‍.ജയദേവനാണ് സിറ്റിംഗ് എംപി. ഏഴ് നിയമസഭാ മണ്ഡലങ്ങളും 2016 ല്‍ ഇടതിന് അനുകൂലമായിരുന്നു. പാര്‍ട്ടി വോട്ടുകളാണ് സിപിഎമ്മിന് കരുത്ത് പകരുന്നത്. 38,227 വോട്ടുകള്‍ക്കാണ് 2014 ല്‍ സി.എന്‍.ജയദേവന്‍ വിജയിച്ചത്. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളാണ് തൃശൂരിലുള്ളത്. ഏഴ് മണ്ഡലങ്ങളില്‍ നിന്നായ 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്ന ഭൂരിപക്ഷം 1,22,624 വോട്ടുകളാണ്.

ഇത്തവണ സിറ്റിംഗ് എംപിയായ ജയദേവന് പകരം സിപിഐ കളത്തിലിറക്കിയിരിക്കുന്നത് ഒല്ലൂര്‍ മുന്‍ എംഎല്‍എയായ രാജാജി മാത്യു തോമസിനെയാണ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം യുഡിഎഫ് നല്‍കിയിരിക്കുന്നത് മുന്‍ എംഎല്‍എയായ ടി.എന്‍.പ്രതാപനാണ്. ബിജെപി ‘എ’ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപിയുടെ താരപദവി കൂടി ഉപയോഗിച്ച് തൃശൂരില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധ സമരങ്ങളാണ് ബിജെപി തൃശൂരില്‍ നടത്തിയത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മൂന്ന് സ്ഥാനാര്‍ഥികളും മികവുറ്റവരാണെന്നതിനാല്‍ ശക്തന്റെ തട്ടകത്തില്‍ ആര് ശക്തി തെളിയിക്കുമെന്ന് കാത്തിരുന്ന് കാണാം.

2014 ലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ:

സി.എന്‍.ജയദേവന്‍ എല്‍ഡിഎഫ് 3,89,209 വോട്ടുകള്‍
കെ.പി.ധനപാലന്‍ യുഡിഎഫ് 3,50,983 വോട്ടുകള്‍
കെ.പി.ശ്രീശന്‍ എന്‍ഡിഎ 1,20,681 വോട്ടുകള്‍

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.