തിരുവനന്തപുരത്ത് വിജയിക്കും, തൃശൂർ ഇങ്ങ് വരണം; ഇന്ധനവില വർധനവിന് കാരണം ഈ സർക്കാരല്ല: സുരേഷ് ഗോപി

എല്ലാവരും ഉച്ചയ്‌ക്ക് മുൻപ് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കുപ്രചരണം നടത്തി ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിലേക്ക് ആളുകളെ കൊണ്ടുപോകാൻ ചില ജാരസന്തതികൾ ഇറങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ രാവിലെ പോളിങ് ശതമാനം ഉയർന്നത് ബിജെപിക്ക് ശുഭസൂചനയും ശുഭപ്രതീക്ഷയുമാണെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കാണ് കൂടുതൽ സാധ്യതയെന്നും ഗംഭീര വിജയം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ വികൃതമായ ഭരണവും ഭീകരതകളും തുറന്നുകാട്ടപ്പെടും. സമ്മതിദായകർ ഇതെല്ലാം മനസിലാക്കി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനവിൽ മോദി സർക്കാരിനെ കുറ്റം പറയാൻ സാധിക്കില്ലെന്ന് സുരേഷ് ഗോപി പരോക്ഷമായി പറഞ്ഞു. ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികൾക്ക് നൽകിയത് ഈ സർക്കാരല്ല. ഇന്ധനവില വർധനവിൽ ഈ സർക്കാരിനെയല്ല കുറ്റം പറയേണ്ടത്. ഇന്ധനവില കൂടുമ്പോൾ ജനങ്ങളുടെ വൃഥ കൂടുമെന്നത് ശരിയാണ്. എന്നാൽ, വില കുറയുമ്പോൾ അതൊന്നും കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരും ഉച്ചയ്‌ക്ക് മുൻപ് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കുപ്രചരണം നടത്തി ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിലേക്ക് ആളുകളെ കൊണ്ടുപോകാൻ ചില ജാരസന്തതികൾ ഇറങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വിജയിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി തൃശൂർ കോർപറേഷൻ ഇത്തവണ ഇങ്ങോട്ട് വരണമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു. “തൃശൂർ ഇങ്ങ് വരണം. ഇത്തവണ അങ്ങനെയാണ്. വന്നു കഴിഞ്ഞാൽ എടുക്കും,” തൃശൂർ കോർപറേഷനിലെ ബിജെപിയുടെ വിജയസാധ്യതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തും തൃശൂരുമാണ് സുരേഷ് ഗോപി ഏറ്റവും കൂടുതൽ പ്രചാരണത്തിന് ഇറങ്ങിയത്.

Read Also: Local Polls Kerala 2020, Live Updates: തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

പെട്രോൾ, ഡീസൽ വില വർധനവ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരനും പറഞ്ഞു. ഇന്ധനവില വർധനവിനെ കുമ്മനം ന്യായീകരിച്ചു. “ഇന്ധനവില വർധനവ് തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. അതൊരു അന്തർദേശീയ വിഷയമാണ്. അന്തർദേശീയമായ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്,” തിരുവനന്തപുരത്ത് വോട്ട് ചെയ്‌ത ശേഷം അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മികച്ച വിജയം സ്വന്തമാക്കുമെന്നും കുമ്മനം പ്രതീക്ഷ പ്രകടിപ്പിച്ചു. “ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പുറന്തള്ളിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ രണ്ട് കയ്യുമുയര്‍ത്തി എന്‍ഡിഎയെ സ്വാഗതം ചെയ്യുന്നു എന്നുള്ളത് വലിയൊരു മാറ്റമാണ്. യാതൊരു സംശവും വേണ്ട, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിക്കുക തന്നെ ചെയ്യും,” ബിജെപിയുടെ മുൻ അധ്യക്ഷൻ കൂടിയായ കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും തലസ്ഥാന നഗരിയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ് ആരംഭിച്ചപ്പോൾ മുതൽ പല പോളിങ് ബൂത്തുകളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പതിവിലും വിപരീതമായാണ് ഇത്തവണ ശക്തമായ പോളിങ് രാവിലെ തന്നെ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Suresh gopi bjp thiruvanathapuram thrissur local body election kerala 2020

Next Story
ഇന്ധനവില വർധന തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല, ജനങ്ങൾ എൻഡിഎയെ സ്വാഗതം ചെയ്യുന്നു: കുമ്മനം
The moderation of comments is automated and not cleared manually by malayalam.indianexpress.com