ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്ത ആഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് അറിയിച്ചിട്ടുണ്ട്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിവിപാറ്റ് വോട്ടുകളില്‍ അമ്പത് ശതമാനവും എണ്ണണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതേ ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ നേരത്തെയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അമ്പത് ശതമാനം വിവിപാറ്റ് വോട്ടുകൾ എണ്ണണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Read More: ‘അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം’; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും
എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ്. ഇതിൽ തൃപ്തിയില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. വോട്ടിംഗ് യന്ത്രത്തിൽ വിവി പാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണ്. എന്നാല്‍ ഇത് പലയിടത്തും മൂന്ന് സെക്കന്റിൽ താഴെയാണ് കാണിക്കുന്നത്. വിവി പാറ്റ് എണ്ണാൻ ആറ് ദിവസം എടുക്കും എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നുകൊണ്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഏകകണ്ഠമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്.
Read More: വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി
വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയിൽ പറഞ്ഞിരുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്. പ്രതിപക്ഷ പാർട്ടികൾ ആദ്യം നൽകിയ ഹർജി പരിഗണിച്ചപ്പോൾ എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണാമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. എന്നാൽ, അത് പോരാ എന്നും അമ്പത് ശതമാനം രസീതുകളും എണ്ണണമെന്നുമുള്ള മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
രാജ്യത്ത് ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടം തിങ്കളാഴ്ചയാണ്. മെയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണൽ നടക്കുക.