ബെംഗളൂരു: മാണ്ഡ്യയിൽ ജെഡി (എസ്)-കോൺഗ്രസ് സഖ്യത്തിന് ജയം എളുപ്പമാകില്ലെന്ന് ഉറപ്പായി. മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയുടെ എതിർ സ്ഥാനാർത്ഥി നടിയും അംബരീഷിന്റെ ഭാര്യയുമായ സുമലതയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സുമലത മാണ്ഡ്യയിൽനിന്ന് ജനവിധി തേടുന്നത്.
മാണ്ഡ്യയിൽ താൻ സ്വതന്ത്രയായി മത്സരിക്കുമെന്ന് വാർത്താ സമ്മേളനത്തിലാണ് സുമലത പറഞ്ഞത്. എനിക്കോ മകനോ വേണ്ടിയല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാണ്ഡ്യയിലെ ജനങ്ങൾക്കുവേണ്ടിയും അംബരീഷിന്റെ ആരാധകർക്കുവേണ്ടിയാണെന്നും സുമലത പറഞ്ഞു. അംബരീഷിന്റെ വിയോഗത്തെക്കുറിച്ചും സുമലത പ്രതികരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ ദിനമായിരുന്നു അതെന്നും മാണ്ഡ്യയിലെ ജനങ്ങളാണ് ഇരുട്ടിൽനിന്ന് തന്നെ പുറത്തേക്ക് കൊണ്ടുവന്നതെന്നും സുമലത പറഞ്ഞു.
മാണ്ഡ്യയിലെ നിരവധി കോൺഗ്രസ് പ്രവർത്തകർ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. മാർച്ച് 20 ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
മാണ്ഡ്യയിൽ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മാണ്ഡ്യയിലെ ജനങ്ങൾക്കുവേണ്ടിയാണ് താൻ പോരാടുന്നതെന്നും ഒരു പാർട്ടിക്കുമെതിരെ അല്ലെന്നായിരുന്നു സുമലതയുടെ മറുപടി. മാണ്ഡ്യയിൽ ആരു ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. നടന്മാരായ യാഷ്, ദർശൻ എന്നിവരും സുമലതയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.