ബംഗളൂരു: കര്‍ണാടകയില്‍ എല്ലാവരും ഉറ്റുനോക്കുന്ന ലോക്സഭാ മണ്ഡലമാണ് മാണ്ഡ്യ. നടി സുമലതയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയുമാണ് മാണ്ഡ്യയില്‍ നേര്‍ക്കുനേര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണ്ഡ്യ ഒരുപടി മുന്നിലാണ്. യുവാക്കളോട് സംസാരിച്ചും അവരുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തും മണ്ഡലത്തില്‍ ജനകീയ മുഖമാകാനാണ് സുമലത ശ്രമിക്കുന്നത്.
ജെഡിഎസ് സ്ഥാനാര്‍ഥിയായ നിഖില്‍ കുമാരസ്വാമി കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം നിഖിലിന്റെ ശക്തിപ്രകടനമായിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നിഖില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. മുഖ്യമന്ത്രിയും അച്ഛനുമായ എച്ച്.ഡി.കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം ലക്ഷ കണക്കിന് കോണ്‍ഗ്രസ്, ജെഡിഎസ് പ്രവര്‍ത്തകരും നാമനിര്‍ദേശ പത്രിക നല്കാന് നിഖിലിനെ അനുഗമിച്ചു.
Read More: മാണ്ഡ്യയില്‍ സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി
ജെഡിഎസിന് അത്ര എളുപ്പത്തില്‍ മാണ്ഡ്യ കടക്കാന്‍ സാധിക്കില്ലെന്നാണ് മണ്ഡലത്തിലെ പൊതു വിലയിരുത്തല്‍. മാണ്ഡ്യയില്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഭയമില്ലെന്നും സുമലത പറയുന്നു. അന്തരിച്ച ഭര്‍ത്താവ് അംബരീഷ് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുമലത വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. എതിര് പക്ഷത്തുള്ളവരോട് പോലും സൗമ്യമായാണ് സുമലതയുടെ പെരുമാറ്റം.
ജനങ്ങളുടെ പ്രതികരണവും സുമലതയ്ക്ക് അനുകൂലമാണ്. “അംബരീഷ് മാണ്ഡ്യക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചു. അംബരീഷ് മാണ്ഡ്യയുടെ അഭിമാനമാണ്. അംബരീഷിനോടുള്ള സ്നേഹം കൊണ്ട് ഞങ്ങളെല്ലാവരും സുമലതയെ പിന്തുണക്കും. ജെഡിഎസിന് പണമുണ്ട്. എന്നാല്‍, സുമലത തന്നെ മാണ്ഡ്യയില്‍ വിജയിക്കും. വളരെ സൗമ്യമായാണ് സുമലത സംസാരിക്കുന്നത്. പ്രതിപക്ഷം അവരെ കളിയാക്കുന്നു. എന്നാല്‍, മോശമായി ഒരുവാക്ക് പോലും സുമലത അവര്‍ക്കെതിരെ പറയുന്നില്ല.”- അംബരീഷിന്റെ ആരാധകനും ബലഗോള ഗ്രാമത്തിലെ നിവാസിയുമായ നജീബ് പാഷ പറഞ്ഞു.
Read More: മാണ്ഡ്യയിൽ നിഖിൽ കുമാരസ്വാമിയുടെ എതിരാളി സുമലത
മാണ്ഡ്യയില്‍ കാലങ്ങളായുള്ള കോണ്‍ഗ്രസ് – ജെഡിഎസ് തര്‍ക്കവും സുമലതയ്ക്ക് ഗുണം ചെയ്യാനാണ് സാധ്യത. “സഖ്യമായി മത്സരിക്കുന്ന ജെഡിഎസും കോണ്‍ഗ്രസും മുന്കാലം തൊട്ടേ മാണ്ഡ്യയില്‍ ശത്രുക്കളാണ്. എന്നാല്‍, അവരിപ്പോള്‍ മാണ്ഡ്യയില്‍ ഒന്നിച്ചാണ് സ്ഥാനാര്‍ഥിയ നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതില്‍ നിരാശരാണ്. ജെഡിഎസുമായി ബന്ധം പുലര്‍ത്താന്‍ താല്പര്യമില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം വൃണപ്പെടുത്തികൊണ്ടാണ് സഖ്യമെന്ന അഭിപ്രായം കോണ്ഗ്രസുകാര്ക്കുള്ളില് ഉണ്ട്. കോണ്‍ഗ്രസിന് ഉറച്ച മണ്ഡലം ജെഡിഎസിന് കൈവിട്ടു പോയി എന്നതിലാണ് അവര്‍ നിരാശരായിരിക്കുന്നത്.”- സുമലത പറഞ്ഞു. സുമലതയെ പിന്തുണച്ചതിന്റെ പേരില്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. കര്‍ഷക പാര്‍ട്ടിയായ കെആര്എസ്എസിന്റെ പിന്തുണയും സുമലതക്കുണ്ട്. അംബരീഷിന് എല്ലാ പാര്‍ട്ടികളിലും നിന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു മതേതര മുഖമായിരുന്നു. അതുപോലെയാണ് ഇപ്പോള്‍ ഞാന്‍ എന്നെ കാണുന്നതെന്നും സുമലത വ്യക്തമാക്കി.
അതേസമയം, സിനിമാ താരമായതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കില്ലെന്നാണ് ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കള്‍ സുമലതയ്ക്കെതിരെ പരിഹാസമുന്നയിക്കുന്നത്. സുമലതയെ ചില നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ക്ക് കോണ്‍ഗ്രസിനോടോ ജെഡിഎസിനോടോ പ്രതിപത്തിയില്ലെന്നും ജെഡിഎസ് ആരോപിക്കുന്നു.
അംബരീഷ് എന്ത് ചെയ്തോ അതിനു വേണ്ടി തന്നെയാണ് താനും പരിശ്രമിക്കുന്നതെന്ന് സുമലത പറയുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രവര്‍ത്തകയല്ല താന്‍. എന്നെ ഒരു താരമെന്ന നിലയില്‍ മാത്രം കണ്ട് പരിഹസിക്കുന്നവര്‍ നിഖിലും ഒരു അഭിനേതാവാണെന്ന കാര്യം മറക്കുന്നു. അംബരീഷിന് പകരം എന്നെ കാണാന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും സുമലത വ്യക്തമാക്കുന്നു.
ജെഡിഎസ് ടിക്കറ്റില്‍ മാണ്ഡ്യയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുമലത സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. സുമലതയ്ക്ക് പിന്തുണയുമായി ബിജെപി കൂടി രംഗത്തെത്തിയതോടെ മാണ്ഡ്യയിലെ തിരഞ്ഞെടുപ്പ് കളം കൂടുതല്‍ ചൂടുപിടിച്ചു. സുമലതയെ തള്ളി എച്ച്.ഡി.കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിക്കാണ് ജെഡിഎസ് മാണ്ഡ്യ സീറ്റ് നല്‍കിയത്. നടനും സമുലതയുടെ അന്തരിച്ച ഭര്‍ത്താവുമായ അംബരീഷ് മാണ്ഡ്യയിലെ എംപിയായിരുന്നു.