ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. കമൽഹാസനു വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങിയിരിക്കുന്നത് നടിയും അദ്ദേഹത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനിയാണ്. ഇതിന്റെ ചിത്രങ്ങൾ സുഹാസിനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമൽഹാസൻ ജനവിധി തേടുന്നത്. മഹിള മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോൺഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമൽഹാസന്റെ എതിരാളികൾ.
കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് പറഞ്ഞ കമല്‍ഹാസന്‍, സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്നും ആരോപിച്ചിരുന്നു. ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. നിരവധി ഇടതു പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസൻ വിമർശനം ഉന്നയിച്ചത്.
Read More: ഗുജറാത്ത് മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയന്‍: വി.ടി ബൽറാം
കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അവിടെവിടെ പരസ്യമായി കോടികൾ വാങ്ങിയാണ് സിപിഎം മുന്നണിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഡിഎംകെയിൽ നിന്ന് 25 കോടി രൂപ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൈപ്പറ്റി. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ട്. ഫണ്ടിങ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കൾ നീതി മയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിക്കൊപ്പവും ഉണ്ടാവില്ല,” മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമൽ കൂട്ടിച്ചേർത്തു.