കൊച്ചി: കൊച്ചി കോര്പറേഷന് ഭരണം ഇത്തവണ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി കച്ചമുറുക്കിയപ്പോള്‍ ശ്രദ്ധമുഴുവന്‍ ഫോര്‍ട്ട് കൊച്ചിയിലേക്കായിരുന്നു. എല്‍ഡിഎഫിനോട് ഏറെക്കാലമായി മുഖംതിരിഞ്ഞുനിന്ന ഈ വാര്‍ഡ് സ്വന്തമാക്കാന്‍ സിപിഎം നിയോഗിച്ചത് സ്റ്റീഫന്‍ റോബര്‍ട്ട് എന്ന ജനകീയനെയായിരുന്നു. തീരുമാനം തെറ്റിയില്ലെന്നതാണ് സ്റ്റീഫന്റെ ജയത്തോളം പോന്ന തോല്‍വി വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന് എക്കാലത്തും വന്‍ ഭൂരിപക്ഷം നല്കിക്കൊണ്ടിരുന്ന സീറ്റില്‍ ഏഴ് വോട്ടിനാണു സ്റ്റീഫന്‍ റോബര്‍ട്ട് തോറ്റത്. സ്റ്റീഫനു 1422 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി കൂരിത്തറയ്ക്ക് 1429 വോട്ടുമാണ് ലഭിച്ചത്. ‘സ്റ്റീഫന്‍ തോറ്റാല്‍ കൊച്ചി തോറ്റു’ എന്ന ടാഗ്ലൈനോടുകൂടിയ സോഷ്യല്‍മീഡിയ പ്രചാരണവും സിനിമാതാരങ്ങള്‍ വോട്ട് പിടിക്കാനെത്തിയതും എല്‍ഡിഎഫിനു ഗുണം ചെയ്തു.
അതേസമയം, നിയമപരമായി വോട്ടവകാശമില്ലാത്ത മാനസികവെല്ലുവിളി നേരിടുന്നവരെ കൊണ്ട് യുഡിഎഫ് വോട്ട് ചെയ്യിച്ചതാണ് തന്റെ തോല്‍വിക്കു കാരണമായതെന്ന ആരോപണമുയര്ത്തിയിരിക്കുകയാണു സ്റ്റീഫന്‍ റോബര്‍ട്ട്. ഇത്തരത്തിലുള്ള 12 പേരാണ് വോട്ട് ചെയ്തതെന്നും ഇവരെ യുഡിഎഫ് വാഹനത്തില്‍ പോളിങ് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നാല്‍പ്പതോളം പേരാണ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലുള്ള, ഫോര്‍ട്ട് കൊച്ചിയിലെ അഗതിമന്ദിരത്തിലുള്ളത്. ഇക്കൂട്ടത്തില്‍ മാനസികവെല്ലുവിളി നേരിടുന്നവര്‍ വോട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് എതിര്‍ത്തിരുന്നു. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ വോട്ട് ചെയ്യാമെന്ന നിലപാടാണ് പ്രിസൈഡിങ് ഓഫീസര്‍ സ്വീകരിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് പാര്‍ട്ടിയുമായി ആലോചിക്കുമെന്ന് സ്റ്റീഫന്‍ റോബര്‍ട്ട് പറഞ്ഞു. ഇത്തരം ആളുകളെ വോട്ട് ചെയ്യിക്കാന്‍ മറ്റുള്ളവര്‍ കൈപിടിച്ചുകൊണ്ടുപോകുന്നത് ശരിയല്ല. വേണമെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്തോട്ടെയെന്നതാണു തങ്ങളുടെ നിലപാടെന്നും സ്റ്റീഫന്‍ പറഞ്ഞു.
”കോര്‍പറേഷന്റെ മേല്‍നോട്ടത്തിലുള്ള അഗതി മന്ദിരത്തിലെ അന്തേവാസികളെ യുഡിഎഫ് രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. യുഡിഎഫാണ് ഇവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. ഇവരെ കൊണ്ട് വോട്ട് ചെയ്യിക്കുമെന്ന് നേരത്തെ വെല്ലുവിളി ഉണ്ടായിരുന്നു. ഇതറിഞ്ഞ് അഗതിമന്ദിരത്തിലെത്തിയ തങ്ങളെ കോവിഡ് കാരണം പറഞ്ഞ് കടത്തിവിട്ടില്ല. മറ്റ് അന്തേവാസികളോട് വോട്ട് അഭ്യര്‍ത്ഥിക്കാനും അനുവദിച്ചില്ല,” അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, സ്റ്റീഫന്‍ റോബര്‍ട്ടിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും നിയമനടപടിയെ സ്വാഗതം ചെയ്യുന്നതായും ആന്റണി കൂരിത്തറ പറഞ്ഞു.
”മാനസിക വെല്ലുവിളി നേരിടുന്നവരല്ല അഗതിമന്ദിരത്തിലെ അന്തേവാസികള്‍. വിവിധ സാമൂഹ്യസാഹചര്യങ്ങളാല് വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ട പ്രായാധിക്യമുള്ളവരാണവര്. അവര്‍ വോട്ടര്‍പട്ടികയില്‍ ഉള്പ്പെടുന്നതിനെയും വോട്ട് ചെയ്യുന്നതിനെയും എതിര്‍ക്കാനാവില്ല. വോട്ട് ചെയ്യുകയെന്നത് അവരുടെ ആഗ്രഹമാണ്. പോളിങ് ബൂത്തില്‍ തനിച്ചുപോയാണ് അവര്‍ വോട്ട് ചെയ്തത്,” അദ്ദേഹം പറഞ്ഞു.
”കോവിഡ് സമയത്ത് പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കാത്തതുകൊണ്ടാണ് സ്റ്റീഫന്‍ റോബര്‍ട്ടിന് അഗതിമന്ദിരത്തില്‍ വോട്ട് ചോദിക്കാന്‍ കഴിയാതിരുന്നത്. ഇവിടെ പതിവായി ഭക്ഷണം എത്തിക്കാനൊക്കെ മുന്‍കൈ എടുക്കുന്ന താനും കോവിഡ് സമയത്ത് കയറിയിട്ടില്ല. ആളുകളെ വാഹനത്തില്‍ പോളിങ് സ്റ്റേഷനിലെത്തിക്കുകയെന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാധാരണയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും അത് ചെയ്യാറുണ്ട്. എന്നുവച്ച് വാഹനം ഏര്‍പ്പാടാക്കുന്നവര്‍ക്കാണ് വോട്ട് ലഭിക്കുമെന്നതിന് എന്ത് ഉറപ്പാണുള്ളത്,” ആന്റണി കൂരിത്തറ പറഞ്ഞു.
രേഖകളുടെ അടിസ്ഥാനത്തിലാണ് അന്തേവാസികള്‍ വോട്ട് ചെയ്തതെന്നും സംഭവം നടക്കുമ്പോള്‍ താന്‍ ബൂത്തിലുണ്ടെന്നും അഗതി മന്ദിരത്തിലെ മദര്‍ സിസ്റ്റര്‍ എല്‍സി പറഞ്ഞു.
”മാനസികവെല്ലുവിളി നേരിടുന്ന 12 പേര് വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണ്. ഒരാള്‍ വോട്ട് ചെയ്യുന്നതിനെ ചിലര്‍ എതിര്‍ത്തിരുന്നു. രേഖകള്‍ കണ്ട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവാദം നല്‍കിയത്. വോട്ട് ചെയ്യണമോയെന്ന് പ്രിസൈഡിങ് ഓഫീസര്‍ പരസ്യമായി ചോദിച്ചപ്പോള്‍ വേണമെന്നാണ് അയാള്‍ വ്യക്തമായി മറുപടി നല്‍കിയത്,” സിസ്റ്റര്‍ എല്‍സി പറഞ്ഞു.
ഇന്ത്യയിലെ ഏതൊരു പൗരനും വോട്ടവകാശമുണ്ട്. അഗതിമന്ദിരത്തിലെ ചിലര്‍ക്ക് ഉറക്കുറവിനുള്ളത് പോലുള്ള ചില മരുന്നുകളൊക്കെയുണ്ട്. അല്ലാതെ എല്ലാവരും മാനസിക വെല്ലുവിളി നേരിടുന്നവരല്ല. അന്തേവാസികളെ യുഡിഎഫ് വാഹനത്തില്‍ പോളിങ് സ്റ്റേഷനിലെത്തിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ല. ആദ്യം വന്ന വാഹനത്തില്‍ പോയി എന്നേയുള്ളൂ. കഴിഞ്ഞതവണ എല്‍ഡിഎഫ് കൊണ്ടുവന്ന വാഹനത്തിലാണ് പോയതെന്നും സിസ്റ്റര്‍ എല്‍സി പറഞ്ഞു.