കൊച്ചി: ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകില്ല. കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം നാളെയായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള കൊച്ചിയില്‍ പറഞ്ഞു. ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം ഇല്ലാത്തതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Read More: ടോം വടക്കനും സീറ്റ്; ആറ്റിങ്ങലിലേക്ക് ശോഭ സുരേന്ദ്രന്‍

അതേസമയം, സ്ഥാനാർഥിയാകുമോ എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. പാര്‍ട്ടി അഖിലേന്ത്യ കമ്മിറ്റിയാണ് ലിസ്റ്റിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക. താനടക്കമുള്ളവര്‍ മത്സരിക്കണമോ എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും ശ്രീധരൻ പിളള പറഞ്ഞു.

വടകരയില്‍ ‘കോ-ലീ-ബി’ സഖ്യമുണ്ടെന്ന വിമര്‍ശനത്തെയും ശ്രീധരൻ പിള്ള തള്ളി പറഞ്ഞു. ഇപ്പോള്‍ ഉള്ളത് ‘കോ-മാ’ സഖ്യമാണ്. കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് സഖ്യമാണ് ബിജെപിക്കെതിരെ ഇപ്പോള്‍ ഉള്ളത്. കോ-മാ സഖ്യമാണ് ഇത്. അതും ദയനീയമായി പരാജയപ്പെടുകയാണ്. ബംഗാളിലടക്കം അതാണ് കാണുന്നത്. കോ-മാ സഖ്യം അപകടകരമായ ഒന്നാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപിയുടെ സ്ഥാനാർഥി പട്ടികയില്‍ താന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉത്തരം പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്ന പ്രചാരണങ്ങളെ തള്ളി കളയുന്നു എന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

Read More: വെള്ളാപ്പള്ളി നടേശനുമായി ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി

പത്തനംതിട്ട സീറ്റിൽ കെ.സുരേന്ദ്രൻ ജനവിധി തേടുമെന്നും അതിനാൽ പി.എസ്.ശ്രീധരൻ പിള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പത്തനംതിട്ട സീറ്റ് വേണമെന്ന നിലപാടിലായിരുന്നു ശ്രീധരൻ പിള്ള. എന്നാൽ, ആർഎസ്എസ് പിന്തുണയോടെ കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന സാഹചര്യം വന്നതോടെ ശ്രീധരൻ പിള്ളയുടെ വഴി അടയുകയാണ്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.