കോഴിക്കോട്: കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയോട് താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള. മീണയെ വിളിച്ച് മാപ്പ് പറഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. മീണക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കാര്യത്തില്‍ മീണയോട് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നാണ് മീണയെ ഫോണ്‍ വിളിച്ച് പറഞ്ഞിട്ടുള്ളത്. അതിനെയാണ് മാപ്പായി ചിത്രീകരിച്ചതെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശം നടത്തിയ ശ്രീധരൻ പിള്ള തന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നായിരുന്നു ടിക്കാറാം മീണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Read More: വര്‍ഗീയ പരാമര്‍ശം; പി.എസ്.ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്

റഫറി തന്നെ ഗോളടിച്ചു എന്ന വിവാദ പരാമർശവുമായി ഇന്നലെ തന്നെ ശ്രീധരൻ പിള്ള രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെയായിരുന്നു പരാമർശം.  ബിജെപിക്ക് അജണ്ട നിശ്ചയിക്കാന്‍ പറ്റി. ഞങ്ങളുടെ അജണ്ടയ്ക്ക് കേരളത്തിലെ മറ്റ് രണ്ട് മുന്നണികളും ഇത്തവണ മറുപടി പറയേണ്ടി വന്നു. അസുലഭമായ സന്ദര്‍ഭമാണ് ബിജെപിക്ക് സമാഗതമായത്. അതെല്ലാം അനന്തമായ സാധ്യതകളായി മാറിയിരിക്കുന്നു. അതോടൊപ്പം റഫറി തന്നെ ഇത്തവണ ഗോളടിക്കുന്ന സാഹചര്യമുണ്ടായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ പരോക്ഷമായി ഉദ്ദേശിച്ച് ശ്രീധരൻ പിള്ള പറഞ്ഞു.

Read More: ‘മൂന്നാമത്തെ സ്ഥാനാര്‍ഥിയായ, കേന്ദ്രമന്ത്രിയായ ഞാന്‍ കൊള്ളൂല്ല എന്ന മെസേജല്ലേ കൊടുക്കുന്നത്’; മമ്മൂട്ടിക്കെതിരെ കണ്ണന്താനം

“ഇത്തവണ റഫറി തന്നെ ഗോളടിക്കാന്‍ പുറപ്പെട്ടു. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അതൊക്കെ അതിജീവിച്ചാണ് ബിജെപി മുന്നോട്ട് പോയത്. ഇതില്‍ നിയമപരമായ നടപടികളിലേക്ക് കടക്കും. നിയമയുദ്ധം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് നാളെ വെളിപ്പെടുത്തും. ആരാണ് റഫറിയെന്ന് പറയുന്നില്ല. തിരഞ്ഞെടുപ്പില്‍ ആരാണ് റഫറിയെന്ന് ഞാന്‍ പറയണ്ടല്ലോ” – ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

ശ്രീധരൻ പിള്ളക്കെതിരെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിങ്ങള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം ശ്രീധരൻ പിള്ള നടത്തിയിരുന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.