ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ണായ നീക്കങ്ങളുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ബിജെപിയെയും എന്‍ഡിഎയെയും കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കാതിരിക്കാന്‍ മുന്‍കൈ എടുക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളെ ഒന്നിച്ച് നിര്‍ത്താന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Read More: പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു കുഴപ്പവുമില്ല: ഗുലാം നബി ആസാദ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ദിവസമായ മേയ് 23 ന് പ്രതിപക്ഷ നേതാക്കളോട് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ പറഞ്ഞിരിക്കുകയാണ് സോണിയ ഗാന്ധി. ന്യൂഡല്‍ഹിയില്‍ വച്ച് പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരാനാണ് തീരുമാനം. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 ന് നിര്‍ണായക തീരുമാനങ്ങളെടുക്കാനായിരിക്കും സോണിയ യോഗം വിളിച്ചതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന കാര്യത്തിലടക്കം തീരുമാനമെടുക്കുമെന്നും സൂചനകളുണ്ട്. ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് സോണിയ ഗാന്ധിയുടെ ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Read More Election News

എന്‍ഡിഎക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്താന്‍ സോണിയ ഗാന്ധി ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസുമായി ഐക്യപ്പെടാതിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവരെയും മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നവീന്‍ പട്‌നായിക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ.ചന്ദ്രശേഖര റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിയോഗിച്ചതായാണ് വാര്‍ത്തകള്‍. ഈ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് കുഴപ്പമില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് നേരത്തെ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പാട്നയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്.

Read More: മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ വേണം: സോണിയ ഗാന്ധി

“ഞങ്ങളുടെ നിലപാട് മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കുകയാണ് സുപ്രധാന ലക്ഷ്യം. ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കും” – രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് മേൽക്കെെ ലഭിക്കുന്ന സാഹചര്യം വന്നാൽ മാത്രം നേതൃത്വം ഏറ്റെടുക്കും. അപ്പോഴും ബിജെപിയെയും എൻഡിഎയെയും അധികാരത്തിലെത്തിക്കാതിരിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ പരമമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പദത്തെ കുറിച്ച് ഒരു തർക്കത്തിന് കോൺഗ്രസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.