ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍മ വേണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ വോട്ട് ശക്തമായ ആയുധമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ ഗാന്ധി.

“ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ വോട്ട് രേഖപ്പെടുത്തും. പ്രധാനപ്പെട്ടതും ശക്തവുമായ ആയുധമാണ് നിങ്ങളുടെ കയ്യിലെ വോട്ട്. മോദി നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് ഓര്‍മ ഉണ്ടായിരിക്കണം. ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനം മുതല്‍ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്ന വാഗ്ദാനം വരെ ഓര്‍മ വേണം. രാജ്യത്തെ യുവാക്കള്‍ ഇപ്പോഴും തൊഴില്‍ അന്വേഷിച്ച് നടക്കുകയാണ്” – സോണി ഗാന്ധി പറഞ്ഞു.

Read More: മൂന്നാം വട്ടവും മോദി ‘ക്ലീന്‍’

റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നുപോയ ദിനേശ് പ്രതാപ് സിങാണ്. ദിനേശ് പ്രതാപിനെതിരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോണിയ വിമര്‍ശനമുന്നയിച്ചു. ബി.എസ്.പി – എസ്.പി – ആര്‍.എല്‍.ഡി സഖ്യം സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. മെയ് ആറിന് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് റായ്ബറേലിയും വിധിയെഴുതുക. നിലവില്‍ റായ്ബറേലിയിലെ സിറ്റിങ് എംപിയാണ് സോണിയ ഗാന്ധി.

Read More: ‘യഥാര്‍ഥ ദേശീയത രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹമാണ്’: പ്രിയങ്ക ഗാന്ധി

ഏപ്രില്‍ 11 നാണ് സോണിയ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അന്നേ ദിവസം റോഡ് ഷോയിലും സോണിയ പങ്കെടുത്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മകളുമായ പ്രിയങ്ക ഗാന്ധി എന്നിവരും നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സോണിയ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വളരെ വിരളമായാണ് സോണിയ ഇത്തവണ പങ്കെടുത്തത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.