ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതൃത്വം. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം തന്നെയാണ് പ്രചാരണായുധമായി ഉപയോഗിക്കുന്നത്. അമേഠിയിൽ കാണാതായ എംപി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാൻ പോയിരിക്കുകയാണെന്ന് ബിജെപി നേതാവും അമേഠിയിലെ സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി പറഞ്ഞു.

Read: രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്നും മടങ്ങി

“അമേഠിയിൽ നിന്ന് കാണാതായ എംപി കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി അമേഠിയിൽ വികസനം കൊണ്ടുവരാൻ സാധിക്കാത്ത രാഹുൽ ഇപ്പോൾ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാനാണ് വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ പോകുന്നത്, ” സ്‌മൃതി ഇറാനി പറഞ്ഞു.

സ്‌മൃതി ഇറാനി തന്നെയാണ് 2014 തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിച്ചത്. അന്ന് രാഹുലിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വലിയ ഇടിവ് വരുത്താൻ സ്‌മൃതി ഇറാനിക്ക് സാധിച്ചിരുന്നു.

Read: വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ നേതൃത്വ ഗുണം അറിയണമെങ്കിൽ അമേഠിയിൽ എത്തണമെന്നും തകർന്ന റോഡുകളും വീടുകളും കാണണമെന്നും സ്‌മൃതി ഇറാനി പറഞ്ഞു. അമേഠിക്ക് ഒന്നും നൽകാൻ രാഹുലിന് സാധിച്ചില്ലെന്നും ജനങ്ങൾ മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.

നേരത്തെ രാഹുലിന്റെ വയനാട് സ്ഥാനാര്‍തിഥ്വം അമേഠിയെ അവഹേളിക്കുന്നതാണെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. 15 വര്‍ഷം അമേഠി കാരണം ഭരണത്തിലേറിയ ആള്‍ ഇപ്പോള്‍ മറ്റൊരു മണ്ഡലം തേടി പോയിരിക്കുകയാണെന്ന് സ്മൃതി പറഞ്ഞു. ഇത് അമേഠിയെ അവഹേളിക്കലാണെന്നും ഇവിടത്തെ ജനങ്ങള്‍ ഇത് സഹിക്കില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.