ലക്‌നൗ: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ കഴുത്തില്‍ കിടന്നിരുന്ന മാല ഊരി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക അണിയിച്ചതാണ് വിമര്‍ശനത്തിന് കാരണം.

സ്വന്തം കഴുത്തില്‍ കിടന്ന മാല ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയെ അണിയിക്കുക വഴി പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ അപമാനിച്ചുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഉപയോഗിച്ച മാല ശാസ്ത്രിയുടെ പ്രതിമയെ അണിയിച്ചത് എന്തൊരു ധാര്‍ഷ്ട്യമാണെന്ന് സ്മൃതി ട്വിറ്ററില്‍ കുറിച്ചു. പ്രിയങ്ക ശാസ്ത്രിയുടെ പ്രതിമയില്‍ മാല അണിയിക്കുന്ന വീഡിയോയും സ്മൃതി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക ഗാന്ധി മാലയിട്ടതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഗംഗാജലം ഉപയോഗിച്ച് പ്രതിമ കഴുകിയതും നേരത്തെ വിവാദമായിരുന്നു.

Read More: കാവല്‍ സമ്പന്നര്‍ക്ക് മാത്രം; മോദിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ പ്രചരണത്തെ പരിഹസിച്ച് പ്രിയങ്ക

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുകയാണ് പ്രിയങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചും ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചുമാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രസംഗങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ