ലക്‌നൗ:”നിങ്ങളുടെ പണം എടുത്തു കൊണ്ട് പോകണം, ഞങ്ങളുടെ വോട്ട് വില്‍ക്കാനുള്ളതല്ല” താനുള്‍പ്പടെയുള്ള ആറ് ദളിതരെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചവരോട് പനാരൂ റാം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തൊട്ട് മുമ്പായിരുന്നു സംഭവം. റാം അടക്കമുള്ള ആറ് ദളിതരെ ബലമായി പിടിച്ചു വച്ച് വിരലില്‍ മഷി പുരട്ടുകയായിരുന്നു. ഒപ്പം 500 രൂപയും നല്‍കി. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകരുതെന്നായിരുന്നു അവരുടെ ആവശ്യം.

ഉത്തര്‍പ്രദേശിലെ ചണ്ഡൗലി മണ്ഡലത്തിലാണ് സംഭവം. മുന്‍ ഗ്രാമ മുഖ്യന്‍ ചൗട്ടേലാല്‍ തിവാരിയും അനുയായികളുമാണ് 64 കാരനായ പനാരൂ റാം അടക്കം ആറ് ദളിതരെ ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തത്. തിവാരിയും സംഘവും ബിജെപി പ്രവര്‍ത്തകരാണെന്നാണ് റാം പറയുന്നത്. എന്നാല്‍ ദളിതര്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ എസ്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറി. പൊലീസ് ഇടപെടണമെന്നായിരുന്നു എസ്പിയുടെ ആവശ്യം.

പിറ്റേദിവസം, മെയ് 19 ന് ആറു പേരും വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തി. ഇത്തവണ മഷി പുരട്ടിയത് ഇടതു കൈയ്യിലെ വിരലിലായിരുന്നു.”വലതു കൈയ്യിലെ മഷി ഡ്യൂപ്ലിക്കേറ്റാണ്. ഇടതിലെ ആണ് ഒറിജിനല്‍” തന്റെ രണ്ട് കൈകളിലേയും മഷി പുരട്ടിയ വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് റാം പറയുന്നു.

തിവാരിയേയും അനുയായികളേയും മെയ് 18 രാത്രിയോടെ തന്നെ അറസ്റ്റ് ചെയ്തതായും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ചണ്ഡൗലി എസ്പി സന്തോഷ്‌കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നാടു വിടാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സംഭവം പൊലീസ് വിശദമായി തന്നെ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ബിജെപി തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പറയുന്നത്.

ആദ്യം എതിര്‍പ്പുയര്‍ത്തിയത് തന്റെ മരുമകളായ ഗീതാ ദേവിയാണെന്നാണ് റാം പറയുന്നത്. മെയ് 18 ന് രാത്രി ഒമ്പത് മണിയോടെയാണ് തിവാരിയും സംഘവും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടവരില്‍ ഒരാളായ നൗരാഗി ദേവി സംഭവം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്, ”ഞങ്ങള്‍ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് മുന്‍ മുഖ്യന്‍ എത്തുന്നത്.എന്റെ ഭര്‍ത്താവ് ബസിന്ദര്‍ റാമും വീട്ടിലുണ്ടായിരുന്നു. തിവാരി 500 രൂപ നിലത്തേക്ക് എറിഞ്ഞ ശേഷം ഞങ്ങളുടെ കൈകള്‍ പിടിച്ചുവച്ച് വിരലില്‍ മഷി പുരട്ടുകയായിരുന്നു, ഞങ്ങള്‍ക്ക് എന്തെങ്കിലും മനസിലാകും മുമ്പായിരുന്നു എല്ലാം”

”തിവാരിയും സഹായികളും വന്നു. രണ്ട് പേര്‍ വാതിലില്‍ നിന്നു. എന്റെ മകള്‍ കിരണ്‍ നിലവിളിച്ചു. പക്ഷെ ഞാന്‍ എഴുന്നേല്‍ക്കും മുമ്പു തന്നെ തിവാരി എന്റെ വിരലില്‍ മഷി പുരട്ടിക്കഴിഞ്ഞിരുന്നു. കട്ടിലിന് അടുത്ത് 500 രൂപയും വെച്ച് പോയി” ബദാമി ദേവി പറയുന്നു. രാത്രി പത്തി മണിയോടെ അതിക്രമം നേരിട്ടവരും മറ്റുള്ളവരും ഒത്തുചേര്‍ന്നു.

”ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ആദ്യം അവരെ വിളിച്ചിരുന്നതാണ്, പക്ഷെ പ്രതികരിച്ചില്ല. ഇതോടെ അങ്ങോട്ട് ചെല്ലുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരാണ് ഞങ്ങളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തിവാരി തമാര പാര്‍ട്ടിയുടെ ആളാണ്” സുദര്‍ശന്‍ റാം പറയുന്നു. സുദര്‍ശനും അതിക്രമത്തിന് ഇരയായതാണ്. തിവാരി ബിജെപി സ്ഥാനാര്‍ത്ഥി മഹേന്ദ്ര നാഥ് പാണ്ഡെയുടെ ഗൂഢാലോചന നടപ്പിലാക്കുകയായിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.