കൽപറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായി എത്തിയതോടെ പ്രചാരണം സജീവമാക്കി ഇടതുപക്ഷം. ദേശീയ നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രചാരണത്തിന് ഇറക്കുകയാണ് ഇടതുപക്ഷം. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവർ വരും ദിവസങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീറിന് വേണ്ടി പ്രചാരണം നടത്താൻ വയനാട്ടിലെത്തും.
വയനാട്ടിൽ മത്സരം കടുക്കുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നതിനെ ശക്തമായി എതിർത്ത ഇടതുപക്ഷം പ്രചാരണത്തിലും രാഹുലിനെതിരെ വലിയ മുന്നേറ്റമാണ് ലക്ഷ്യം വയ്ക്കുന്നത്.
Read: വയനാട്ടിൽ പി.പി.സുനീറിനായി സീതാറാം യെച്ചൂരി പ്രചാരണത്തിനെത്തും
മുൻഗണന മറന്ന് വയനാട്ടിൽ ജനവിധി തേടുന്ന രാഹുല്‍ ഗാന്ധിയുടെ നടപടി ബിജെപിയെ സഹായിക്കാൻവേണ്ടി മാത്രമാണെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷനെ തോല്‍പിച്ച് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു സീറ്റിൽ മത്സരിക്കാൻ രാഹുലിനോട് നിർദേശിച്ചത് സീതാറാം യെച്ചൂരിയാണെന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സീതാറാം യെച്ചൂരിനെ തന്നെ വയനാട് എത്തിച്ച് ആ വാദവും തള്ളിക്കളയാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.