തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും ഒരുപോലെ ശക്തമായ അടിത്തറയുള്ള തലസ്ഥാന നഗരം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരത്ത് മുന്നണികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി മൂന്നാം വട്ടവും അങ്കത്തിനിറങ്ങിയിരിക്കുന്ന മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനും രാജ്യാന്തര പ്രശസ്തനുമായ ശശി തരൂര്‍, മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മത്സരിക്കാനിറങ്ങിയ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ എല്ലാ അർത്ഥത്തിലും കരുത്തര്‍. മൂന്നു പേരും സ്വന്തം നിലയില്‍ ജനമനസ്സുകളില്‍ ഇടം പിടിച്ചവരും പയറ്റിത്തെളിഞ്ഞവരും. തിരുവനന്തപുരത്ത് തീ പാറുക സ്വാഭാവികം.

എന്നാല്‍ പ്രചാരണത്തില്‍ ഒരല്‍പം മുന്‍തൂക്കം ശശി തരൂരിനാണ്. തന്റെ പ്രചാരണ പരിപാടികള്‍ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുന്നുമുണ്ട്. മറ്റ് സ്ഥാനാർഥികളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിലും ഏറെ മുന്നിലുമാണ്. ചായക്കടയിലും ഓട്ടോ സ്റ്റാന്റിലും, മാര്‍ക്കറ്റിലും, വീടുകളിലുമൊക്കെ ശശി തരൂര്‍ വോട്ട് ചോദിച്ച് എത്തുന്നുണ്ട്.

തിങ്കളാഴ്ച വിവാഹ സ്ഥലത്തും അദ്ദേഹം വോട്ട് ചോദിച്ചെത്തി. നവദമ്പതികളോട് കുശലാന്വേഷണം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഒരാളെയും ഈ തിരഞ്ഞെടുപ്പ് സമയത്ത് വെറുതെ വിട്ടില്ല. ഉച്ചഭക്ഷണം കഴിക്കുന്ന ചെറുക്കനോടും പെണ്ണിനോടും വരെ അവരുടെ എംപി വോട്ട് ചോദിക്കുകയാണ്,’ ശശി തരൂർ ട്വീറ്റ് ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബത്തേയും ശശി തരൂര്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.