തിരുവനന്തപുരം. 2016ല്‍ നേമത്ത് വിരിഞ്ഞ താമരയാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന് കേരളത്തിലേക്ക് വഴി തുറന്നത്. ഇനി മുന്നോട്ട് മാത്രം, പിന്നോട്ടില്ല എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതൊന്നും ലഭിച്ചതുമില്ല, കൈയ്യില്‍ ഉണ്ടായിരുന്നത് പോവുകയും ചെയ്തു. ഇതോടെ പ്രതിക്കൂട്ടില്‍ ആകുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെയാണ്. തോല്‍വിയില്‍ നേതൃത്വത്തിനെതിരെ പലരും തിരിഞ്ഞു കഴിഞ്ഞു.
സുരേന്ദ്രന്‍ നേതൃസ്ഥാനത്ത് എത്തിയതു മുതല്‍ ബിജെപിയില്‍ പൊട്ടിത്തെറിയാണ്. തോല്‍വിയില്‍ ഇടഞ്ഞ് നിന്നവരെല്ലാം സുരേന്ദ്രന് എതിരെ തിരിയുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സുരേന്ദ്രന്റെ ഏകാധിപത്യമായിരുന്നുവെന്ന് ആദ്യം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. അവസാന ലാപ്പിലാണ് ശോഭ സുരേന്ദ്രന് സീറ്റ് നല്‍കിയതും. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ശോഭ നേതൃത്വത്തിനോടുള്ള അമര്‍ഷം തുറന്ന് പറഞ്ഞതുമാണ്.
പല മുതിര്‍ന്ന നേതാക്കളേയും തഴഞ്ഞാണ് കെ.സുരേന്ദ്രന്‍ എന്ന യുവ നേതാവിന് ബിജെപി സംസ്ഥാന അധ്യക്ഷ പദവി കൊടുത്തത്. എം.ടി.രമേശ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കള്‍ക്ക് സുരേന്ദ്രന് വഴിമാറിക്കൊടുക്കേണ്ടി വന്നു. ശബരിമല വിഷയസമയത്തെ പ്രവര്‍ത്തനമായിരിക്കണം ദേശീയ നേതൃത്വത്തെ ആകര്‍ഷിച്ചത്. സുരേന്ദ്രനെ പോലൊരു യുവനേതാവിലൂടെ കൂടുതല്‍ താമര വിരിയിക്കുകയായിരുന്നു ലക്ഷ്യം.
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
പതിറ്റാണ്ടുകള്‍ക്ക് മുന്നിലെ അവസ്ഥയല്ല ഇന്ന് കേരളത്തില്‍ ബിജെപിയുടേത്. തിരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ ഒരു കുറവും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, രാജ്നാഥ് സിങ്, യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരുടെ നിര തന്നെ എത്തി പ്രചാരണത്തിന്. രണ്ട് മണ്ഡലത്തില്‍ മത്സരിക്കാനുള്ള നറുക്കും സുരേന്ദ്രന് ലഭിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് പ്രതികൂലമായി വിധി എഴുതി.
മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ രണ്ടാമതായി, കോന്നിയില്‍ മൂന്നാമതും. പാലക്കാട് മെട്രോമാന്‍ ഇ.ശ്രീധരന്‍ അവസാന റൗണ്ട് വരെ പോരാടി ഷാഫി പറമ്പിലിനോട് തോറ്റു. നേമത്തെ സിറ്റിങ് സീറ്റ് വി.ശിവന്‍കുട്ടി തിരിച്ചു പിടിച്ചു. കടകംപള്ളി സുരേന്ദ്രന് കടുത്ത മത്സരം ശോഭ സുരേന്ദ്രന്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഇടത് തരംഗത്തില്‍ ശോഭയ്ക്ക് ദേവസ്വം മന്ത്രിയുടെ അടുത്തെത്താന്‍ പോലുമായില്ല. ഇങ്ങനെ നിരവധി തോല്‍വികള്‍ക്ക് മറുപടി പറയാന്‍ സുരേന്ദ്രന്‍ ബാധ്യസ്ഥനാണ്. ഇനി വിചാരണക്കാലം.