ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കാനിരിക്കെ രാജ്യത്ത് അക്രമങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്രസർക്കാർ. വോട്ടെണ്ണൽ തടസപ്പെടുത്താനുള്ള ശ്രമങ്ങൾ വരെ ഉണ്ടായേക്കാം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകളുടെ സുരക്ഷ കൂട്ടാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷവും ജാഗ്രത തുടരണമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കുമാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ വ്യാഴാഴ്ച അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാസര്‍കോട് പെരിയയിലും കല്യോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രക്യാപിച്ചത്. നാളെ രാവിലെ 8 മുതല്‍ മറ്റന്നാള്‍ രാത്രി 8 വരെയാണ് 144 പ്രഖ്യാപിച്ചത്.
സംഘര്‍ഷം ഉണ്ടായേകക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോകനാഥ് ബഹ്റ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറന്പ്, തളിപ്പറന്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.
22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook
.