ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണം. 13 സംസ്ഥാനങ്ങളിലെ 97 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ നാളെ വോട്ടെടുപ്പ് നടക്കും. കര്‍ണാടകയിലെ മാണ്ഡ്യയിലും മൈസൂരിലും ബാംഗളൂരിലും നാളെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 91 മണ്ഡലങ്ങളിലേക്കായിരുന്നു വിധിയെഴുത്ത് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 ന് വോട്ടെണ്ണല്‍ നടക്കും.

Read More: പണത്തിന് മീതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്: വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

അതേസമയം, രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തേണ്ടിയിരുന്ന തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും വെല്ലൂരില്‍ ഇനി തിരഞ്ഞെടുപ്പ് നടക്കുക. ഡിഎംകെ നേതാക്കളുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് വലിയ തോതില്‍ പണം പിടികൂടിയത്. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഎംകെയിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിര്‍ ആനന്ദ്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.