Lok Sabha Election 2019 Result Latest Updates: ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ സരിത എസ് നായര്‍ക്ക് 462 വോട്ട്. അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സരിത എസ്. നായര്‍ മത്സരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടും അതില്‍ യാതൊരുവിധ പ്രതികരണവും തനിക്ക് ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സരിത എസ് നായര്‍ അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ചത്.
Read More: സരിത എസ്.നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ
അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് രാഹുലിനേക്കാള്‍ ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് അമേഠി. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 15,000 വോട്ടിനാണ് സ്മൃതി ഇറാനി ലീഡ് ചെയ്യുന്നത്.
വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കാൻ സരിത എസ് നായർ നേരത്തെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, നാമനിർദേശ പത്രികകൾ തള്ളുകയായിരുന്നു. സോളാര്‍ കേസില്‍ സാമ്പത്തിക തട്ടിപ്പിനു മൂന്ന് വര്‍ഷം ശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളിയത്. വയനാട്, എറണാകുളം മണ്ഡലങ്ങളിലാണ് സരിത നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.
Read More: 19 മണ്ഡലങ്ങളിലും യുഡിഎഫ്, ഒന്നിലൊതുങ്ങി എല്‍ഡിഎഫ്
നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളിയിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച കോടതി വരണാധികാരിയുടെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി മാത്രമേ നിലനില്ക്കുകയുള്ളൂ എന്ന് വ്യക്തമാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് അപ്പീല്‍ തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് പറഞ്ഞ കോടതി പിഴ സഹിതം അപ്പീല്‍ തള്ളുകയാണെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും പിഴ ചുമത്തിയില്ല.
അതേസമയം, ജനവിധി തേടുന്ന രണ്ടാമത്തെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. അമേഠിയിൽ രാഹുൽ പരാജയപ്പെട്ടാൽ അത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകും. ബിജെപി അതിനെ രാഷ്ട്രീയ ആയുധമാക്കും. നേരത്തെ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന് ഭയമുള്ളതുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ആരോപിച്ചിരുന്നു.