കൊച്ചി: എറണാകുളം, വയനാട് മണ്ഡലത്തിൽ നൽകിയിരുന്ന നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത എസ്.നായർ സമർപ്പിച്ച രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. റിട്ട് ഹർജി നിലനിൽക്കില്ലന്നും പരാതി ഉണ്ടങ്കിൽ തിരഞ്ഞെടുപ്പ് ഹർജിയാണ് നൽകേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഷാജി പി.ചാലി ഹർജികൾ തള്ളിയത്.

സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല. ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്‌താൽ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകൻ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഹർജി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സരിതയുടെ ഹർജികളെ തിരഞ്ഞെടുപ്പ് കമ്മിഷൻ എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണന്നും ഈ ഘട്ടത്തിൽ ഇടപെട്ടാൽ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നുമാണ് കമ്മീഷൻ കോടതിയെ അറിയിച്ചത്.

Read: സരിത എസ്.നായരുടെ തിരഞ്ഞെടുപ്പ് മോഹങ്ങൾക്ക് തിരിച്ചടി, രണ്ടു പത്രികകളും തളളി

എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സരിത എസ്.നായർ നാമനിര്‍ദേശ പത്രിക നൽകിയത്. സോളർ കേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ സരിത നായരെ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തളളിയത്. ശിക്ഷ റദ്ദാക്കി കൊണ്ടുളള ഉത്തരവ് ഹാജരാക്കാൻ സരിതയ്ക്ക് സമയം അനുവദിച്ചിരുന്നു. പക്ഷേ ഉത്തരവ് ഹാജരാക്കിയില്ല. തുടർന്നാണ് പത്രികകൾ തളളാൻ തീരുമാനിച്ചത്.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. മൂന്നോ അതിൽ കൂടുതലോ വർഷം ശിക്ഷ ലഭിച്ചവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.