ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടന കേസ് പ്രതി സാധ്വി പ്രഗ്യ സിങ് താക്കൂർ ബിജെപിയില്‍ ചേര്‍ന്നു. ഭോപ്പാലിൽനിന്നും ബിജെപി സ്ഥാനാർഥിയായി സാധ്വി മത്സരിക്കും. 2008 ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ സാധ്വി ഇപ്പോൾ ജാമ്യത്തിലാണ്.
ബിജെപിയില്‍ ചേര്‍ന്നുവെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുമെന്നും സാധ്വി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭോപ്പാലിൽനിന്നും മത്സരിക്കാൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ഉമാ ഭാരതിയും വിമുഖത അറിയിച്ചതിനെ തുടർന്നാണ് സാധ്വി പ്രഗ്യ സിങ് താക്കൂറിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. ദിഗ് വിജയ് സിങ്ങാണ് ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി.
ബിജെപിയുടെ ഭോപ്പാലിലെ ഓഫീസില്‍ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയിൽ ചേർന്നതായി സാധ്വി അറിയിച്ചത്. ഭോപ്പാലില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിങ് ചൗഹാനെയും രാംലാലിനെയും അവര്‍ സന്ദര്‍ശിച്ചു.
Read More: തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാലും രാഹുൽ ഗാന്ധിക്ക് ജീവിത പങ്കാളിയെ കിട്ടട്ടെ: സാധ്വി പ്രാചി
2008 ലെ ബോംബ് സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു സാധ്വി പ്രഗ്യ സിങ് താക്കൂർ. 2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.