ആചാരമനുഷ്ഠിക്കാനിറങ്ങി കൈപൊള്ളിയ കോൺഗ്രസും വിശ്വാസം രക്ഷിക്കാത്തതിനാൽ തണ്ടൊടിഞ്ഞ ബിജെപിയുമാണ് കേരളത്തിലെ നിയമസഭാ ഫലം പുറത്തു വരുമ്പോഴുള്ള ചിത്രം. പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തിരിക്കാനുള്ള യോഗമാണ് ജനങ്ങൾ നല്‍കിയത്. കഴിഞ്ഞ നാൽപത് വർഷത്തോളമായി ഒരു തവണ എൽഡിഎഫ് എങ്കിൽ അടുത്ത തവണ യുഡിഎഫ് എന്നതായിരുന്നു കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ‘വിശ്വാസ’വും ‘ആചാര’വും. അത് ഇത്തവണ വഴിമാറി. ഭരണവിരുദ്ധവികാരത്തിൽ പ്രതിപക്ഷം അധികാരത്തിലേറിയിരുന്ന ചിത്രം ഇത്തവണ ഉണ്ടായില്ലെന്നു മാത്രമല്ല, പ്രതിപക്ഷ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്ന് തോന്നിക്കും വിധം യുഡിഎഫിന്റെ സീറ്റ് കുറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച നേമം പോലും ജയിക്കാനായില്ല.
കോൺഗ്രസ് തറതൊട്ടില്ലെന്ന് മാത്രമല്ല ബിജെപി കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം വരുന്ന വാർഡുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചില്ല.
ശബരിമല സ്ഥിതി ചെയ്യുന്ന കോന്നിയിലും ബിജെപി ജയസാധ്യത കാണുന്ന കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും ഉൾപ്പടെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റും ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ നടത്തിയ സമരത്തിലെ ഷോമാനുമായ കെ. സുരേന്ദ്രൻ മത്സരിച്ചത്. എന്നിട്ടും അദ്ദേഹത്തിനും ജയിക്കാനായില്ലെന്ന് മാത്രമല്ല, മുൻതവണത്തേക്കാൾ മോശമായ പ്രകടനമാണ് കാഴ്ചവെക്കാനായതും.

കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശബരിമലയിലെ വിശ്വാസവും ആചാരവും ആയുധമാക്കിയാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെുപ്പ്, അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകൾ, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ്, ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് എന്നിവയെ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും നേരിട്ടത്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാൻ അവകാശമുണ്ട് എന്ന സുപ്രീം കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും അത് നടപ്പാക്കുന്നതിനെതിരെ രംഗത്തു വന്നവരാണ് കോൺഗ്രസും ബിജെപിയും ചില ഹിന്ദുത്വ സംഘടനകളും എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളും. നേരത്തെ ശബരിമലയിൽ സ്ത്രീപ്രവേശം വേണമെന്ന നിലപാട് വ്യക്തമാക്കിയവരാണ് ആർഎസ്എസ്. ബിജെപിയുടെ എംഎൽഎയായിരന്ന രാജഗോപാൽ മാതൃഭൂമിയുടെ പ്രസിദ്ധീകരണത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് ലേഖനവും എഴുതിയിരുന്നു. എന്നാൽ സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെ ആദ്യം ബിജെപി, ആർഎസ്എസ്, സംഘപരിവാർ നേതാക്കൾ സ്വാഗതം ചെയ്തു. അപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല ഇതിനെതിരെ രംഗത്ത് വന്നു. അതോടെ ബിജെപി, ആർഎസ്എസ് തുടങ്ങിയ സംഘടനങ്ങളും വിശ്വാസവും ആചാരവും പറഞ്ഞ് രംഗത്തെത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രധാന വിഷയങ്ങളിലൊന്നായി ബിജെപിയും കോൺഗ്രസും ഉയർത്തിയിരുന്നു. അതേ നിലപാട് തന്നെ വീണ്ടും ആവർത്തിക്കുകയായിരുന്നു ഇത്തവണയും.
തിരഞ്ഞെടുപ്പ് നേരിടാൻ രാഷ്ട്രീയപ്രശ്നങ്ങളോ ജനകീയ പ്രശ്നങ്ങളോ കൈകാര്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ ശബരിലമയിലെ ആചാരസംരക്ഷണത്തിന് പ്രാധാന്യം കൊടുത്തവർ ജനകീയ പ്രശ്നങ്ങളിൽ സർക്കാരിനെ വിമർശിക്കാനോ എതിർക്കാനോ ജനങ്ങൾക്കൊപ്പം നിന്ന് സമരം നയിക്കാനോ പലപ്പോഴും രംഗത്തുണ്ടായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന തോന്നലും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ ന്യൂനപക്ഷങ്ങളുടെ ഭയവും ഏകോപിപ്പിച്ച ലഭിച്ച വോട്ട് യുഡിഎഫിനും ഹിന്ദുത്വവോട്ടുകളുടെ വോട്ടിന്റെ ഏകീകരണം ബിജെപിക്കും ലഭിച്ചതായിരുന്നു ഫലം. എന്നാൽ അത് ശബരിമലയിലെ കോടതി വിധി നടപ്പാക്കാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തിനെതിരായ ജനവിധിയാണെന്ന വ്യഖ്യാനമാണ് യു ഡി എഫ്, ബിജെപി പാർട്ടികൾക്കൊപ്പം പല രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവർത്തകരും നടത്തിയത്. എന്നാൽ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന സർക്കാർ വിജയിച്ചപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം ഉന്നയിച്ചവർ മൗനം പാലിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ശബരിമലയുമായി രംഗത്തെത്തി. കേരളത്തിൽ രണ്ടാം തവണയും പ്രളയവും കൊവിഡ് വ്യാപനവും ഒക്കെയായി ജനം ബുദ്ധിമുട്ടുന്ന സമയത്തും ശബരിമലയും കൊണ്ടായിരുന്നു പ്രചാരണം. അത് തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനും ബിജെപി നയിക്കുന്ന എൽഡിഎഫിനും നൽകിയില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ശബരിമല ആയുധമാക്കി ശബരിമല കർമ്മ സമിതിയുടെ ഫ്ലക്സുകൾ രംഗത്ത് വന്നു. എല്ലായിടത്തും പ്രചാരണത്തിൽ ശബരിമല സജീവമാക്കി നിർത്താൻ ശബരിമല കർമ്മസമിതി, ബിജെപി, കോൺഗ്രസ് എല്ലവാരും ഒരുമിച്ച് നിലകൊണ്ടു. ഉമ്മൻചാണ്ടിയായിരുന്നു ശബരിമല വിഷയം വീണ്ടും എടുത്തിട്ട ആദ്യ കോൺഗ്രസ് നേതാവ്. അതിന് പിന്നാലെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ രംഗത്തു വന്നു.
പ്രളയം, കൊവിഡ് ലോക്ക്ഡൗൺ എന്നിവയൊക്കെയായി തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും ആയി പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ജനങ്ങളുടെ മുന്നിൽ ‘ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ് ശിക്ഷയും,’ ‘ആചാരം ലഘിച്ചോ ഇല്ലയോ എന്ന് പറയുന്നത് തന്ത്രിയാകും’ തുടങ്ങിയ വാഗ്ദ്ധാനങ്ങളാണ് യുഡിഎഫ് നേതാക്കൾ മുന്നോട്ട് വച്ചത്. കേരളത്തെ മതസംസ്ഥാനമാക്കുമെന്ന സൂചനയാണോ ഇതെന്ന ചിലർ ഇതിനെ പരിഹസിച്ച് ചോദിച്ചു. അതിനൊന്നും മറുപടി നൽകാതെ കോൺഗ്രസും ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ അക്രമം നടത്തിയവരെ ന്യായീകരിച്ച് ബിജെപിയുടെയും ആർഎസ്എസിന്റെയും പിന്തുണയുള്ള ശബരിമല കർമ്മസമിതിയും സാമുദായ സംഘടനയായ എൻഎസ്എസും ഒക്കെ നടത്തിയ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് എന്ന വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
Read More From Our Kerala Assembly Election Coverage