കൊച്ചി: അധിക്ഷേപ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. നേതാക്കളുമായി ആലോചിച്ച് തീരുമാനം എടുക്കും. വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്നും രമ്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുളളപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Read: എ.വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

”സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.

കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശം. പ്രസംഗം തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനാണ് യുഡിഎഫ് നീക്കം. നിയമപരമായി നീങ്ങാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. എതിരാളി വനിതയാകുമ്പോള്‍ ലൈംഗികമായ അധിക്ഷേപം ആയുധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ