കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചു. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ നോർത്തിൽ പ്രദീപ് കുമാർ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നൽകാൻ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. രഞ്ജിത്തിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ പാർട്ടിയുടെ ജില്ലാ ഘടകത്തിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നതായാണ് സൂചന. മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവ് നൽകണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യമുയർന്നു.

Read More: പാർട്ടി പറഞ്ഞാൽ മത്സരിക്കും; സന്നദ്ധതയറിയിച്ച് സംവിധായകൻ രഞ്ജിത്ത്

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം രഞ്ജിത് പറഞ്ഞിരുന്നത്. “അങ്ങനെയൊരു തീരുമാനം വരുമോയെന്ന് നോക്കാം. എന്നിട്ടല്ലേ അക്കാര്യമുള്ളൂ. എന്തായാലും അവിടുന്നൊരു തീരുമാനമോ പ്രഖ്യാപനമോ ഉണ്ടാകട്ടെ. മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നൊരു ചോദ്യം വന്നിരുന്നു. നിരന്തരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളല്ലല്ലോ ഞാന്‍. അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. സിനിമയാണ് കര്‍മ്മമേഖല. 33 വര്‍ഷമായി സിനിമയില്‍. ഇപ്പോൾ സിനിമ അധികം സംവിധാനം ചെയ്യുന്നില്ല. കോഴിക്കോട് നോര്‍ത്തിൽ 15 വര്‍ഷമായി പ്രദീപ് നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനം കൊണ്ടാണ് സുരക്ഷിതമായി നിലനിര്‍ത്തിയത്. പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് മൂന്നു ടേം. അല്ലെങ്കില്‍ പ്രദീപിനെ പോലെ ഒരാള്‍ക്ക് കോഴിക്കോട് കിട്ടാന്‍ പ്രയാസമാണ്,” എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.