കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നതായി ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ആലത്തൂരിലെ ജനങ്ങള്‍ അത്രത്തോളം സ്വീകാര്യതയാണ് തനിക്ക് നല്‍കിയത്. വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയം പ്രതീക്ഷിച്ചിരുന്നു. പിന്നീട് അവസാന ഘട്ടമായപ്പോഴേക്കും ഇത്ര വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്ന് ഏകദേശം ഉറപ്പായെന്നും രമ്യ ഹരിദാസ് ഇന്ത്യന്‍ എക്‍സ്‍പ്രസിനോട് പറഞ്ഞു.

Read More: പാട്ടുംപാടി രമ്യ ഹരിദാസ്

പാട്ടുപാടി പ്രചാരണം നടത്തിയത് ജനങ്ങള്‍ അത് ആഗ്രഹിച്ചതുകൊണ്ടാണെന്നും രമ്യ പറഞ്ഞു. അവര്‍ ഞാന്‍ പാടാന്‍ ആഗ്രഹിച്ചു. പ്രചാരണത്തിലെല്ലാം അതിനായി അവര്‍ ആവശ്യപ്പെടുകയും ചെയ്തു. മറ്റൊരാളുടെ കുറ്റങ്ങളും കുറവും പറഞ്ഞ് പ്രചാരണം നടത്താന്‍ ആഗ്രഹമില്ലായിരുന്നു. പകരം കോണ്‍ഗ്രസ് എന്തെല്ലാം ചെയ്തു, എനിക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു പ്രചാരണത്തില്‍ പറഞ്ഞതെന്നും രമ്യ പറഞ്ഞു.

ആലത്തൂരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. രണ്ട് ജില്ലകളിലായാണ് ആലത്തൂര്‍ മണ്ഡലം കിടക്കുന്നത്. ജനങ്ങളുടെ ആഗ്രഹം അറിഞ്ഞ് അതിനനുസരിച്ച് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ജനസഭ മോഡലില്‍ ജനങ്ങളില്‍ നിന്ന് തന്നെ അഭിപ്രായങ്ങളും ആവശ്യങ്ങളും അറിയും. അത് ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ആലത്തൂരിലെ ജനങ്ങള്‍ വിലയ സ്വീകാര്യതയാണ് തനിക്ക് നല്‍കിയത്. രമ്യയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എല്ലാവരും പരസ്പരം പറഞ്ഞിരുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് ഇത്ര വലിയ വിജയം ലഭിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Read More: നിലപാട് തെറ്റല്ല, മറ്റ് കാര്യങ്ങള്‍ പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനൊപ്പമാണ് താനെന്നും രമ്യ ആവര്‍ത്തിച്ചു. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണം. അതില്‍ എന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നത്. ആചാരങ്ങളിലും വിശ്വാസങ്ങളിലുമല്ല സ്ത്രീ സമത്വം നടക്കേണ്ടത്. ശബരിമലയിലേത് സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട വിഷയമല്ല. കോണ്‍ഗ്രസ് എപ്പോഴും സ്ത്രീ സമത്വത്തെ അംഗീകരിക്കുന്ന പാര്‍ട്ടിയാണെന്നും രമ്യ ഹരിദാസ് പങ്കുവച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ വലിയ ദുഖമുണ്ട്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന, ഒരു മുന്നണിയെ നയിക്കുന്ന കണ്‍വീനറാണ്. അദ്ദേഹത്തെ പോലൊരാള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് തന്നെ വേദനിപ്പിച്ചെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ദീപാ നിശാന്തിനെ പോലുള്ളവര്‍ നടത്തിയ പരാമര്‍ശവും വേദനാജനകമാണെന്നും രമ്യ പറഞ്ഞു.

Read More: രാഹുല്‍ ഗാന്ധി രാജിവയ്ക്കാത്തത് അതിശയപ്പെടുത്തുന്നു: രാമചന്ദ്ര ഗുഹ

എല്ലാവരുടെയും വോട്ട് ലഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം വോട്ടുകളും ലഭിച്ചിട്ടുണ്ടാകും. എല്ലാവരും ആവേശത്തോടെ വോട്ട് ചെയ്തതുകൊണ്ടാണ് വലിയ വിജയം നേടിയതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ആലത്തൂരില്‍ നിന്ന് 1,58,968 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് രമ്യ ഹരിദാസ് വിജയിച്ചത്. സിറ്റിങ് എംപിയും ഇടത് സ്ഥാനാര്‍ഥിയുമായ പി.കെ.ബിജുവിനെയാണ് രമ്യ പരാജയപ്പെടുത്തിയത്. ആലത്തൂരില്‍ രമ്യ നേടിയ വോട്ടുകള്‍ 5,33,815 ആണ്. രണ്ടാം സ്ഥാനത്തെത്തിയ പി.കെ.ബിജുവിന് 3,74,847 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പരമ്പരാഗത ഇടത് കോട്ടകളില്‍ പോലും രമ്യ വലിയ കുതിപ്പാണുണ്ടാക്കിയത്. കേരളത്തില്‍ നിന്ന് ഇത്തവണ ലോക്‌സഭയിലെത്തുന്ന ഏക വനിതാ എംപി കൂടിയാണ് രമ്യ ഹരിദാസ്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.