ആലത്തൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയ രമ്യക്കൊപ്പം അനില്‍ അക്കര എംഎല്‍എ, ഷാഫി പറമ്പില്‍ എംഎല്‍എ, ലതിക സുഭാഷ് എന്നീ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ടായിരുന്നു. വ്യക്തിപരമായ അധിക്ഷേപമാണ് വിജയരാഘവന് നടത്തിയതെന്നും നടപടി സ്വീകരിക്കണമെന്നും രമ്യ പരാതിയില്‍ ആവശ്യപ്പെട്ടു.
Read More: ‘തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ വിജയരാഘവന്
വിജയരാഘവന് തനിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശം ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന് പരാതി നല്കിയ ശേഷം രമ്യ പ്രതികരിച്ചു. വിജയരാഘവന് നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും യാദൃച്ഛികമായി അല്ല ഇത് നടത്തുന്നതെന്നും രമ്യ ആരോപിച്ചു. വിജയരാഘവന്റെ പ്രതികരണത്തെ ന്യായീകരിച്ച ആലത്തൂര്‍ എംപി പി.കെ.ബിജുവിന്റെ നിലപാടിനെതിരെയും രമ്യ തുറന്നടിച്ചു.
Read More: എ.വിജയരാഘവനെ പിന്തുണച്ച് പി.കെ.ബിജു; ആരോപണത്തില്‍ കഴമ്പില്ലെന്ന് വാദം
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ”സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ.വിജയരാഘവന്റെ വാക്കുകള്‍.