തൃശൂര്‍: ആലത്തൂരിലെ എല്ലാവരുടെയും വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. തൃശൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുമ്പോഴാണ് ആലത്തൂരില്‍ വിജയപ്രതീക്ഷയുണ്ടെന്ന് സ്ഥാനാര്‍ഥി പങ്കുവച്ചത്.

Read More: ‘മനുഷ്യനാണ്, എതിര്‍ സ്ഥാനാര്‍ഥി അല്ല’; ബെന്നി ബെഹനാനെ സന്ദര്‍ശിച്ച് ഇന്നസെന്റ്

രാഷ്ട്രീയപരമായും ആശയപരമായുമുള്ള മത്സരത്തിലാണ് ഇപ്പോള്‍. അവിടെ വ്യക്തിഹത്യയ്ക്ക് താല്‍പര്യമില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. തനിക്ക് സ്വന്തമായ ഒരു ശൈലിയും സ്ട്രാറ്റജിയും ഉണ്ട്. മുന്‍പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത്തരം രീതികളാണ് അവലംബിച്ചിരുന്നതെന്നും രമ്യ പറഞ്ഞു. പ്രചാരണത്തില്‍ രമ്യ രാഷ്ട്രീയം പറയുന്നില്ല എന്ന പി.കെ.ബിജുവിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് രമ്യ ഈ മറുപടി നല്‍കിയത്.

Read More: ഈ മോദി ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീകരര്‍ക്ക് നന്നായി അറിയാം: പ്രധാനമന്ത്രി

ആലത്തൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സ്ഥാനാര്‍ഥി പട്ടികയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്ന വിവരം വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. രാഷ്ട്രീയത്തിലേക്ക് ഇനിയും സ്ത്രീകള്‍ കടന്നുവരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും രമ്യ വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തിപരമായി വേദന തോന്നിയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ഇടതിന് അനുകൂല സാഹചര്യമുള്ള മണ്ഡലമായ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയാണ് രമ്യ ഹരിദാസ്. സിറ്റിങ് എംപിയായ സിപിഎമ്മിന്റെ പി.കെ.ബിജുവാണ് ഇത്തവണയും എതിർ സ്ഥാനാർഥി.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.