ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷായും പിണറായി വിജയനും തമ്മിലെ ചോദ്യങ്ങൾ സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായ നാടകമാണെന്ന് കോൺഗ്രസ് ആരോപണം. ദുരൂഹമരണമുണ്ടായെങ്കിൽ അമിത് ഷാ വെളിപ്പെടുത്തണമെന്നും ചോദ്യങ്ങൾ ചോദിക്കാതെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പിണറായി വിജയനും അമിത് ഷായും തമ്മിൽ നടത്തിയ വാക്പോര് നാടകമാണെന്ന് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. അമിത് ഷാ മാലാഖ ചമയേണ്ടെന്നും ഇന്ന് ഇന്ത്യയിലെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണകള്ളക്കടത്തിനിടയില്‍ നടന്ന ദുരൂഹ മരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം. അങ്ങനെയൊരു കൊലപാതകം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലാതെ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രസംഗവും തുടർന്ന് പിണറായി വിജയൻ നൽകിയ മറുപടിയും എഴുതി തയ്യാറാക്കിയ പ്രസംഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തലയും മുല്ലപ്പളളിയും.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ചോദിച്ചു. സ്വർണ്ണക്കടത്തിൽ ഒരേ സമയം ഒത്തുകളിച്ചും പിന്നീട് ചോദ്യങ്ങൾ ചോദിച്ചുമുള്ള നാടകം കോൺഗ്രസ് മുക്ത കേരളത്തിനായുള്ള സിപിഎം-ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് പ്രചാരണം.
Read More: അമിത് ഷാ വർഗീയതയുടെ ആൾരൂപം, കേരളത്തെ അപമാനിച്ചു: പിണറായി വിജയൻ
കഴിഞ്ഞദിവസം അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്. അമിത് ഷാ വർഗീയതയുടെ ആൾരൂപമാണെന്നും കേരളത്തെ അപമാനിച്ചെന്നും പിണറായി ധർമടത്ത് പറഞ്ഞു. കേരളമാകെ അഴിമതിയാണെന്ന് അമിത് ഷാ വിമർശിച്ചിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. ഇതിനു മറുപടി നൽകുകയായിരുന്നു പിണറായി.
“അമിത് ഷായുടെ ശംഖുമുഖത്തെ പ്രസംഗം പദവിക്ക് നിരക്കാത്ത രീതിയിൽ ആയിരുന്നു. കേരളത്തെ അപമാനിക്കുന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ ഒരക്ഷരം മിണ്ടിയില്ല. വർഗീയത വളർത്താൻ എന്തും ചെയ്യുന്ന ആളാണ് അമിത് ഷാ. വർഗീയതയുടെ ആൾരൂപമാണ്. ഗുജറാത്ത് കലാപകാലത്തെ അമിത് ഷായില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശംഖുമുഖം പ്രസംഗത്തില്‍ മുസ്ലിം എന്ന പദം അമിത് ഷാ ഉപയോഗിച്ചത് വല്ലാത്ത കടുപ്പത്തിലാണ്,” പിണറായി പറഞ്ഞു.
അമിത് ഷാ കേരളത്തിൽ വന്നു നീതിബോധം പഠിപ്പിക്കേണ്ട. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയത്. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ് അമിത് ഷായെന്നും പിണറായി കുറ്റപ്പെടുത്തി.