തിരുവനന്തപുരം: ഇന്ന് കേരളം ചിന്തിച്ചത് നാളെ ഡല്‍ഹി ചിന്തിക്കുമെന്ന ഒരു ചൊല്ലുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോള്‍ കേന്ദ്രത്തില്‍ നിരാശപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ബിജെപിക്കും മോദിക്കും എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More: ‘പിണറായി ഗൊര്‍ബച്ചേവ്’; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് വ്യക്തമായത് ബിജെപിക്ക് വളക്കൂറുള്ള മണ്ണല്ല ഇത് എന്നാണ്. ദേശീയ തലത്തില്‍ വലിയ വിജയം നേടിയ ബിജെപി കേരളത്തില്‍ വിജയം ആവര്‍ത്തിക്കാതിരുന്നതിന് കാരണം യുഡിഎഫ് ഉയര്‍ത്തിപിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങളാണ്. കോണ്‍ഗ്രസ് കാരണമാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്നത്. ശബരിമല വിഷയത്തിലടക്കം തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍

കേരളത്തില്‍ സിപിഎം വോട്ടുകളാണ് ബിജെപിക്ക് പോയിട്ടുള്ളത്. കോണ്‍ഗ്രസിനെയാണ് എല്‍ഡിഎഫ് എപ്പോഴും ആക്ഷേപിക്കാറുള്ളത്. എന്നാല്‍, ആരുടെ വോട്ടുകളാണ് ബിജെപിക്ക് പോയതെന്ന് സിപിഎം വിലയിരുത്തണം. നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം നഷ്ടമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് നേരത്തേ മുതലേ താന്‍ പറഞ്ഞിരുന്നെന്നും ഇതൊരു ചരിത്ര വിജയമാണെന്നും ചെന്നിത്തല പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രാധാന്യം അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Read More: നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫ് മുന്നോട്ടു വച്ച നിലപാടുകളും ആശയങ്ങളും കേരള ജനത അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അതി ശക്തമായ ജനവികാരം ഇവിടെ നിലനില്‍ക്കുന്നു, ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായി കേരളം ചിന്തിക്കുന്നു. കേരളത്തില്‍ രാഹുല്‍ തരംഗം ഉണ്ടായിരിക്കുന്നു എന്നീ മൂന്ന് കാര്യങ്ങളാണ് തങ്ങളെ പ്രധാനമായും വിജയത്തിലേക്ക് നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

‘കേരള ചരിത്രത്തില്‍ ഇതുപോലെ ദയനീയമായ ഒരു പരാജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൊര്‍ബച്ചേവാണ് പിണറായി വിജയന്‍ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്ക് ഇത്രയും വലിയ വിജയം ഉണ്ടാക്കി കൊടുത്തതില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചെറുതല്ല. ദേശീയതലത്തില്‍ രൂപപ്പെടേണ്ടിയിരുന്ന മതേതര മുന്നണിയെ പൊളിച്ചത് പിണറായി വിജയന്‍ ആണ്. ‘

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.