scorecardresearch
Latest News

ഒരാൾക്ക് ഒന്നിലധികം വോട്ടർ ഐഡി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് തേടി

ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

Ramesh Chennithala, Fake Vote, Kerala Assembly Election 2021, രമേശ് ചെന്നിത്തല, കള്ളവോട്ട് ആരോപണം, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021

തിരുവനന്തപുരം: തിരുവനന്തപുരം: ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടർമാരെ തിരുകിക്കയറ്റിയതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പല മണ്ഡലങ്ങളിലും ഒരേ വ്യക്തിയെത്തന്നെ പലതവണ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് പരാതിപ്പെട്ടു. വോട്ടർ പട്ടികയിൽ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്,” ചെന്നിത്തല ആരോപിച്ചു.

Read Also: ‘നിങ്ങൾക്ക് വിരട്ടാൻ പറ്റുന്ന മണ്ണല്ല ഇത്, നേരല്ലാത്ത കളിയുംകൊണ്ട് ഇങ്ങോട്ട് വരേണ്ട’; കേന്ദ്ര ഏജൻസിക്കെതിരെ പിണറായി

കാസര്‍ഗോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്‌ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

“കഴക്കൂട്ടം മണ്ഡലത്തില്‍ 4,506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2,534, തൃക്കരിപ്പൂര്‍ 1,436, കൊയിലാണ്ടിയില്‍ 4,611, നാദാപുരത്ത് 6,171, കൂത്തുപറമ്പില്‍ 3,525, അമ്പലപ്പുഴയില്‍ 4,750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്,”

സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തവണ കള്ള വോട്ടര്‍മാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ കള്ളവോട്ടുകളെല്ലാം നീക്കം ചെയ്തശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂവെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതിനിടെ, പ്രതിപക്ഷ നേതാവിന്റെ കളളവോട്ട് ആരോപണം പൊളിയുകയാണ്. ഉദുമയില്‍ അഞ്ച് വോട്ട് ഉണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ച കുമാരി കോണ്‍ഗ്രസ് അനുഭാവിയാണ്. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണ്. വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും കുമാരി പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Ramesh chennithala fake vote allegation