തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതിനേക്കാള്‍ ഉചിതം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പല്ലും നഖവും ഉപയോഗിച്ച് നേരിടും: പി.എസ്. ശ്രീധരന്‍ പിള്ള

രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതില്‍ സിപിഎമ്മിന് വലിയ ആശങ്കയുണ്ട്. രാഹുലിനെ വിമര്‍ശിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുലിനെ പിന്തുണക്കാന്‍ സിപിഎമ്മും തയ്യാറാകുമോ എന്നും ചെന്നിത്തല ചോദിച്ചു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് സമിതി ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നത് കേരള ജനതയുടെ പൊതു ആവശ്യമാണ്. തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകും. കേരള ജനതയുടെ ആഗ്രഹമാണ് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വച്ചിട്ടുള്ളത്. അനുകൂല പ്രതികരണം ലഭിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ എന്ത് സന്ദേശമാണ് നൽകുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇടതുപക്ഷമാണ് കേരളത്തിലെ പ്രധാന ശക്തി. രാഹുല്‍ കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല മറിച്ച് ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അത് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ദേശീയ രാഷ്ട്രീയത്തിന് ഇത് നല്‍കുക. അത് നിലവിലെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ