തൊടുപുഴ: വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും ചെന്നിത്തല പറയുന്നു.
മോദി- പിണറായി- അദാനി കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇടക്കുള്ള പാലമാണ് അദാനിയെന്നും ചെന്നിത്തല പറഞ്ഞു. മോദി – അദാനി – പിണറായി കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്ലിൻ കേസിലെ നടപടികൾ വൈകിക്കുന്നതെന്നും ആക്ഷേപിക്കുന്നു. 28 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചത് ഈ കൂട്ടുകെട്ട് കാരണമെന്നാണ് ആരോപണം.
Read More: ‘മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു’; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് ഉമ്മൻചാണ്ടി
അദാനിക്ക് ലാഭമുണ്ടാക്കാനാണ് മറ്റ് പാരമ്പര്യ ഊര്‍ജ സ്രോതസുകളെ ഒഴിവാക്കി കാറ്റില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഇതിനായി ഫെബ്രുവരി പതിനഞ്ചിനാണ് കെഎസ്ഇബി ലറ്റര്‍ ഓഫ് അവാര്‍ഡ് അദാനിക്ക് നല്‍കിയത്. ഏപ്രില്‍- മെയ് മാസങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുള്ളത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കരാര്‍ റദ്ദാക്കുമെന്നും ചെന്നിത്തല മൂന്നാറില്‍ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്കിനെതിരെയും ചെന്നിത്തല വിമർശനമുന്നയിച്ചു. 4000 കോടിയുടെ കടം എടുത്തിട്ടാണ് 5000 രൂപയുടെ മിച്ചമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നാല് മാസത്തിനിടയില്‍ സര്‍ക്കാര്‍ കടം എടുത്തത് 22000 കോടിയെന്നും ചെന്നിത്തല പറഞ്ഞു.