തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവേകൾക്കെതിരെ വീണ്ടും ചെന്നിത്തല. അഭിപ്രായ സർവേകൾ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സർവേകൾ കൃത്രിമവും പക്ഷപാതപരവുമാണെന്ന് ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. സർവേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിഷ്‌പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമങ്ങല്‍ തടയണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കാണ് ചെന്നിത്തലയുടെ കത്ത്.
Read Also: ഇടത് നേതാക്കൾ അതിരുകടക്കുന്നു, തിരിച്ചടി കിട്ടും; രൂക്ഷ വിമർശനവുമായി എൻഎസ്എസ്
വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് ഏകപക്ഷീയവും പക്ഷപാതപരവുമായ സര്‍വേകളാണ്. ഇവയില്‍ പലതും തെറ്റിധരിപ്പിക്കുന്നതും വോട്ടറിൽ ദുസ്വാധീനം ചെലുത്താനുള്ള നിക്ഷിപ്‌ത താല്‍പര്യത്തോടെ കൃത്രിമമായി സൃഷ്‌ടിക്കുന്നവയാണെന്ന് ചെന്നിത്തല ആരോപിച്ചു. സർവേകൾ കൃത്രിമമാണെന്നുള്ളതിനു വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ചെന്നിത്തല കത്തിൽ പറയുന്നു. കൃത്രിമ സർവേകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
മലയാളത്തിലെ വിവിധ മാധ്യമങ്ങൾ നടത്തിയ പ്രി-പോൾ സർവേയ്‌ക്കെതിരെ ചെന്നിത്തല നേരത്തെയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് തുടർ ഭരണം പ്രവചിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന സർവേകളെല്ലാം.