രാജ്യസഭാ തിരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളിൽനിന്നു മാത്രമേ നടത്തൂവെന്ന് കമ്മിഷൻ

നിയമോപദേശം തേടിയ ശേഷമാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്ന് കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ നിയമസഭാ അംഗങ്ങളിൽനിന്നു മാത്രമേ നടത്തൂയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. കമ്മിഷൻ നിലപാടിനെ  കേന്ദ്ര സർക്കാരും കോടതിയിൽ അനുകൂലിച്ചു. കേന്ദ്ര ഇടപെടൽ മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി. കേസ് കോടതി വിധി പറയാനായി മാറ്റി.

വിജ്ഞാപനം പുറപ്പെടുവിച്ച  ശേഷം  തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കമ്മിഷൻ നിലപാട് അറിയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അസാധാരണ സാഹചര്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ബോധിപ്പിച്ചു. 21 നു മുൻപ് വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം വന്നാൽ ഏഴ് ദിവസത്തിനകം നാമനിർദേശ പത്രിക  നൽകണം. ജൂൺ ഒന്നിനു മാത്രമേ നിലവിലുള്ള സഭയുടെ കാലാവധി കഴിയൂ.

രാജ്യസഭ, നിയമസഭയുടെ കണ്ണാടിയാണ്. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിനു മുൻപ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ പൂർത്തിയായിരുന്നു. വോട്ടെടുപ്പും നടന്നു. ഈ സാഹചര്യത്തിൽ കാലാവധി പൂർത്തിയാവുന്ന നിയമസഭയിലെ അംഗങ്ങൾ പുതിയ രാജ്യ സഭാംഗങ്ങളെ തിരഞ്ഞെടുത്താൽ അതിൽ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചതിനാൽ നിയമോപദേശം തേടിയ ശേഷമാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്ന് കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അഭിപ്രായത്തിന് വില നൽകേണ്ടതുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതിനു തലേന്നാണ് കേന്ദ്ര നിയമമന്ത്രാലയം ഇടപെട്ടത്. അതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.
നിലവിലെ നിയമസഭാംഗങ്ങൾ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുത്താൽ അത് അനുചിതവും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാകുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. നിയമസഭയുടെ കാലാവധി അഞ്ച് വർഷമാണങ്കിൽ രാജ്യസഭയുടെ കാലാവധി ആറ് വർഷമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ നിയമസഭ നിലവിൽ വന്ന ശേഷം രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാവും ഭരണഘടനാപരമെന്നാണ് നിയമോപദേശമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കമ്മിഷൻ നിയമോപദേശം തേടിയതിനു ശേഷമാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനകീയ അഭിലാഷം നടപ്പാകില്ലന്ന കാരണത്താലാണ് ഇടപെട്ടതെന്നും
 പുതിയ നിയമസഭയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ‘അതാണ് ജനാഭിലാഷമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻ നിലപാടിൽനിന്നു മലക്കം മറിഞ്ഞുവെന്ന് ഹർജിക്കാർ ആരോപിച്ചു. കമ്മിഷൻ ഇത്തരം കളികൾ നടത്തുന്നത്  ഉചിതമല്ല. കമ്മിഷന്റെ നിലപാട് നിയമപരമല്ല. മേയ് രണ്ടിനു മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിക്കാർ
ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്.ശർമ എംഎൽഎയും
സമർപ്പിച്ച ഹർജികളാണ്  ജസ്റ്റിസ് പി.വി. ആശ പരിഗണിച്ചത്.

മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചത്.

നിലവിലെ സാഹചര്യത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമസഭയ്ക്കാണ് യഥാര്‍ഥ ജനഹിതമെന്നാണ് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷന് നിയമോപദേശം നല്‍കിയിരിക്കുന്നത്.

Web Title: Rajya sabha election unusual situation in kerala says election commission

Next Story
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻcpm leaders,mullappally allegation,venjaramood murder, രമേശ് ചെന്നിത്തല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം,സിപിഎമ്മിനെതിരെ മുല്ലപ്പള്ളി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com