ന്യൂഡൽഹി: പ്രതിപക്ഷത്തിന് അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന് പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. തങ്ങളുടെ നേതാവാരാണെന്ന് പ്രഖ്യാപിക്കാതെ പ്രതിപക്ഷം ജനങ്ങൾക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2014 നെക്കാൾ കൂടുതൽ സീറ്റിൽ ബിജെപി വിജയിക്കുമെന്നും എൻഡിഎ സർക്കാർ ഭരണത്തിലേറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

”2014 ലെ തിരഞ്ഞെടുപ്പ് മോദിയും മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും തമ്മിലായിരുന്നു. 2019 ൽ മോദിയും ആരും തമ്മിലാണ്?. അതിപ്പോഴും ആർക്കും അറിയില്ല. അവരെ നയിക്കുന്നത് ആരാണെന്ന് അറിയാമെങ്കിൽ അവർ അക്കാര്യം വെളിപ്പെടുത്തണം,” രാജ്നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്തവർക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു രാജ്നാഥ് സിങ് കളിയാക്കിയത്.

Read: അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ബംഗാളിൽ വൻ അക്രമം

മോദി സർക്കാരിന് ജനങ്ങൾ ഒരവസരം കൂടി നൽകുമെന്നുളള ബിജെപിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ”അന്തോദ്യ (ക്യൂവിൽ അവസാനം നിൽക്കുന്നയാളെ മുന്നിൽ കൊണ്ടുരിക), രാജ്യ വികസനം, സുരക്ഷ എന്നിവയാണ് മോദി സർക്കാരിന്റെ വിജയത്തിന്റെ മുഖമുദ്ര.” ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയെപ്പോലെ അധിക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും സിങ് പറഞ്ഞു.

ജമ്മു കശ്മീരിൽ ഭീകരവാദം തടയാൻ കഴിഞ്ഞതായും രാജ്നാഥ് സിങ് പറഞ്ഞു. പക്ഷേ ഭാവിയിൽ ഭീകരവാദ പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More Election News

പശ്ചിമ ബംഗാളിലെ സംഘർഷത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ”പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. അക്രമം തടയുകയും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്തേണ്ടതും മുഖ്യമന്ത്രിയുടെ ചുമതലയാണ്. മുഖ്യമന്ത്രി ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. പക്ഷേ മുഖ്യമന്ത്രിക്ക് അക്രമം തടയാൻ കഴിയുന്നില്ലായെന്നത് നിരാശാജനകമാണ്. അക്രമത്തിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരാണ്,” രാജ്നാഥ് സിങ് പറഞ്ഞു.

ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ ബംഗാളിൽ അക്രമം നടന്നിരുന്നു. ഇടത് വിദ്യാർഥി സംഘടനാ പ്രവർത്തകരും ബിജെപി അനുകൂല വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്. ബിന്ധാൻ സരാണി കോളേജിന് സമീപമാണ് സംഘർഷമുണ്ടായത്. വിദ്യാർത്ഥികൾ കല്ലെറിയുകയും പിന്നീട് കോളേജ് ഹോസ്റ്റലിന് പുറത്ത് തീയിടുകയും ചെയ്തു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.