തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ അടിമുടി അനിശ്ചിതത്വം. രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യതകള്‍ അടയുകയാണ്. നേരത്തെ ഏറെ ആവേശത്തോടെ രാഹുല്‍ ഗാന്ധി മത്സരിക്കാനാണ് സാധ്യതയെന്ന് ഉറപ്പ് പറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആശങ്കയിലാണ്. രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉറപ്പുമില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

Read More: രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ഉമ്മന്‍ ചാണ്ടി

“രാഹുല്‍ജി വയനാട്ടിൽ മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കേരളത്തില്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. രണ്ടാമതൊരു സീറ്റിൽ മത്സരിക്കും എന്നൊരു സൂചന ഒരു ഘട്ടത്തിലും രാഹുൽജി നൽകിയിട്ടില്ല” – ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ മട്ടിലായിരുന്നു ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾക്കിപ്പുറം വാക്ക് മാറിയത് അണികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വെെകുന്നതിൽ യുഡിഎഫ് ഘടകക്ഷികൾ അതൃപ്തി അറിയിച്ചു. തീരുമാനം വെെകുന്നത് വിജയത്തെ ബാധിക്കുമെന്നാണ് ഘടകക്ഷികളുടെ അഭിപ്രായം. തീരുമാനം ഇന്ന് തന്നെ വേണമെന്ന് മുസ്ലീം ലീഗ് നേതൃത്വം എഐസിസിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

രാഹുലിന്റെ സ്ഥാനാർഥിത്വം വെെകുന്നത് നല്ല സൂചനയല്ലെന്നാണ് വയനാട് ഡിസിസിയുടെയും അഭിപ്രായം. പ്രചാരണ പരിപാടികൾ നടക്കാത്തത് തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വവും പറയുന്നത്. രാഹുൽ വരുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് സ്ഥാനാർഥിയായി ആദ്യം തീരുമാനിച്ചിരുന്ന ടി. സിദ്ദിഖ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook