ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത തെറ്റ്. രാഹുൽ രാജിവയ്ക്കുന്നു എന്ന വാർത്ത നിഷേധിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് രംഗത്തെത്തിയത്. തോൽവി അംഗീകരിക്കുന്നെന്നും മോദിയെ അഭിനന്ദിക്കുന്നതായും അറിയിച്ച് രാഹുൽ വാർത്ത സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് രാജി വാർത്തയും സജീവമായത്. എന്നാൽ അധികം വൈകാതെ തന്നെ കോൺഗ്രസ് ഇത് തള്ളി.

‘എവിടെയാണ് പിഴച്ചതെന്ന് ചര്‍ച്ച ചെയ്യാനുളള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആവട്ടേയെന്ന ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. സ്മൃതി ഇറാനിക്കും അഭിനന്ദനങ്ങള്‍,’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

തോൽവി അംഗീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ജനവിധി അംഗീകരിക്കുന്നതായും മോദിക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് ലക്ഷത്തിലേറെ വോട്ടിന്‍റെ ലീഡാണ് വയനാട് രാഹുലിന് നല്‍കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ഏറെ പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.

അതേസമയം, സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും. രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കം 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.