കോഴിക്കോട്: യുഡിഎഫിനായുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. “മോദിക്ക് വേണ്ടത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ തൊട്ട് മോദി കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറയുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നിലെ കാരണം കോണ്‍ഗ്രസ് ജനങ്ങളെ ഒന്നിപ്പിക്കുന്നു എന്നതാണ്. ഒന്നിപ്പിക്കുന്നവരെ അവര്‍ക്ക് താത്പര്യമില്ല,” രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്ന മോദി എന്തുകൊണ്ട് സിപിഎം മുക്ത ഭാരതമെന്ന് പറയുന്നില്ല എന്നും രാഹുല്‍ ചോദ്യമുയര്‍ത്തി. “സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ല. ഇരുകൂട്ടരും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ്, സൗഹൃദത്തിലൂടെയല്ലാതെ ഒരു രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല,” രാഹുല്‍ വ്യക്തമാക്കി.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ ഞായറാഴ്ച കെ.മുരളീധരനു വേണ്ടി തിരുവനന്തപുരത്ത് പ്രസംഗിക്കും. നേരത്തെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ കേരളത്തിലെത്തിയിരുന്നു. വയനാട് ജില്ലയിലെ മണ്ഡലങ്ങളിൽ അടക്കം രാഹുൽ റോഡ് ഷോ നടത്തി. സ്വർണക്കടത്ത് കേസ്, ഡോളർ കേസ് എന്നിവ പരാമർശിച്ച് സംസ്ഥാന സർക്കാരിനെതിരെ രാഹുൽ രൂക്ഷ വിമർശമുന്നയിച്ചിരുന്നു.
Read Also: കോവിഡ് വ്യാപനം രൂക്ഷം; പൂനെയിൽ രാത്രി കർഫ്യു, മധ്യപ്രദേശിൽ ലോക്ക്ഡൗൺ
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതില്‍ കെ.മുരളീധരന് അതൃപ്തി അറിയിച്ചിരുന്നു. പ്രിയങ്ക കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെയാണ് രാഹുല്‍ നേമത്ത് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം. നേമത്ത് ആര് സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം വന്നപ്പോള്‍ മുരളീധരന് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
Read More: ഇരട്ടവോട്ട് ചെയ്താൽ ക്രിമിനൽ കേസെടുക്കും: തിരഞ്ഞെടുപ്പ് കമ്മിഷൻ
കേരളത്തില്‍ ആദ്യമായി ബിജെപി നേടിയ സീറ്റാണ് നേമം. കുമ്മനം രാജശേഖരനിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുരളീധരന് വന്നതോടെ പോരാട്ടം കടുത്തു. വി.ശിവന്‍കുട്ടിയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി.