കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാവിലെ എട്ട് മണിക്കാണ് രാഹുലിന്റെ നാളെത്തെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുക. രാവിലെ എട്ടിന് കണ്ണൂര്‍, കാസര്‍ഗോഡ്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സംഘാടക സമിതി യോഗം ചേരും. ഈ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. കണ്ണൂരിലാണ് യോഗം നടക്കുക. അതിന് ശേഷം രാഹുല്‍ വയനാട്ടിലേക്ക് പോകും.

രാവിലെ 9.30 ന് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശക്തമായ സുരക്ഷയാണ് ഈ മേഖലകളില്‍ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. 10.45 ന് സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ പൊതുയോഗം നടക്കും. പിന്നീട് കോഴിക്കോട്ടേക്ക് പോകും.

12.45 ന് തിരുവമ്പാടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുയോഗം. രണ്ട് മണിക്ക് വണ്ടൂരിലെ പി.എം.ഗ്രൗണ്ടില്‍ നടക്കുന്ന യോഗത്തിലും രാഹുല്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30 ന് പാലക്കാട് ജില്ലയിലെ തൃത്താല മൂലംപറമ്പ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ കൂടി പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ ഗാന്ധി മടങ്ങുക.

Read More: രാഹുൽ ഗാന്ധി ഇന്നും നാളെയും കേരളത്തിൽ; രണ്ടുനാൾ മാരത്തൻ പ്രചരണത്തിന് കോൺഗ്രസ്

1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാളെ തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പപ്പാറ മുതല്‍ തിരുനെല്ലി വരെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. ഈ മേഖലകളില്‍ രാഹുല്‍ ഗാന്ധി മടങ്ങി പോകും വരെ പാര്‍ക്കിംഗ് അനുവദിക്കില്ല. ബത്തേരി കോട്ടക്കുന്ന് ജംഗ്ഷന്‍ മുതല്‍ കുപ്പാടി ഹൈസ്‌കൂള്‍ വരെ വലിയ വാഹനങ്ങളും മള്‍ട്ടി അക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. സെന്റ്.മേരീസ് കോളേജ് ഗ്രൗണ്ട് പരിസരങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.

ബത്തേരി ടൗണ്‍ ഭാഗത്തുനിന്ന് പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ കടമാന്‍ചിറ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പുല്‍പ്പള്ളി ഭാഗത്ത് നിന്നും പ്രവര്‍ക്കരെ കൊണ്ട് വരുന്ന വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള ചെറിയ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

 

Read More: സെെന്യത്തെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.