തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍. രാഹുൽ ഗാന്ധിയെ പ്രചരണ വേദികളിലേക്ക് വീണ്ടും സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വയനാട്. വിഷു ദിവസം കേരളത്തിലെത്തുന്ന രാഹുൽ വയനാടിന് പുറമെ മറ്റ് ഏഴു ജില്ലകളിലും പര്യടനം നടത്തും. ബുധനാഴ്ച വയനാട് ലോകസഭ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുക്കും.
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും. പത്രിക നൽകിയ ശേഷം വീണ്ടും എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ വയനാട് ജനതയെ വൈകാരികമായി പിടിച്ചുലയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇത് സംസ്ഥാനത്താകെ അനുകൂല തരംഗമാകുമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.