കൽപറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് നേരിടേണ്ടിവരിക രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, അപരന്മാരെ കൂടിയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്നു അപരന്മാരാണുളളത്. കെ.ഇ.രാഹുൽ ഗാന്ധിയും കെ.രാഹുൽ ഗാന്ധിയും കെ.എം.ശിവപ്രസാദ് ഗാന്ധിയും. വ്യാഴാഴ്ച രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്കമാണ് സ്വതന്ത്ര സ്ഥാനാർഥി കെ.ഇ.രാഹുൽ ഗാന്ധി (33) പത്രിക സമർപ്പിച്ചത്. കോട്ടയം എരുമേലി സ്വദേശിയായ കെ.ഇ.രാഹുൽ ഗാന്ധി ഫോക് മ്യൂസിക്കിൽ റിസർച്ച് സ്കോളറാണ്. കെ.ഇ.രാഹുൽ ഗാന്ധിയുടെ സഹോദരന്റെ പേര് കെ.ഇ.രാജീവ് ഗാന്ധി എന്നാണ്.

കെ.ഇ.രാഹുൽ ഗാന്ധിയുടെ പിതാവ് അന്തരിച്ച കുഞ്ഞുമോൻ കോൺഗ്രസ് അനുഭാവിയും ഗാന്ധി കുടുംബത്തിന്റെ ആരാധകനുമായിരുന്നു. നാമനിർദേശ പത്രികസമർപ്പിച്ചതിനുശേഷം കെ.ഇ.രാഹുൽ ഗാന്ധിയുടെ ഫോൺ സ്വിച്ച് ഓഫാണ്. സഹോദരനോട് ചോദിച്ചുവെങ്കിലും സംസാരിക്കാൻ തയ്യാറായില്ല.

Read: വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

കുഞ്ഞുമോൻ കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും അതിനാലാണ് മക്കൾക്ക് രാഹുലെന്നും രാജീവെന്നും പേര് നൽകിയതെന്നും പഞ്ചായത്ത് മെംബർ പ്രകാശ് പുളിക്കൽ പറഞ്ഞു. ”മക്കൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ല, രാജീവ് സിപിഎം പ്രവർത്തകനാണ്. അമ്മ വത്സമ്മ ദിവസകൂലിക്ക് പണിയെടുക്കുന്നു. നാമനിർദേശ പത്രിക നൽകുന്നതിനെക്കുറിച്ച് വീട്ടുകാരോട് പോലും സംസാരിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സ്ഥാനാർഥിയാകാൻ പോകുന്നതറിഞ്ഞപ്പോൾ നാട്ടുകാർ പോലും അമ്പരന്നു,” പുളിക്കൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ മറ്റൊരു അപരൻ കെ.രാഹുൽ ഗാന്ധിയാണ്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. അകില ഇന്ത്യ മക്കൾ കഴകത്തിന്റെ സ്ഥാനാർഥിയാണ് 30 കാരനായ കെ.രാഹുൽ ഗാന്ധി. ”എന്റെ പിതാവ് പി.കൃഷ്ണൻ പ്രാദേശിക കോൺഗ്രസ് നേതാവാണ്. പിന്നീട് അദ്ദേഹം എഐഎഡിഎംകെയിൽ ചേർന്നു. അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായിരുന്ന സമയത്താണ് ഞാൻ ജനിച്ചത്. കെ.രാഹുൽ ഗാന്ധി എന്നു എനിക്ക് പേരിട്ടു. എന്റെ സഹോദരിയുടെ പേര് ഇന്ദിര പ്രിയദർശിനി എന്നാണ്. എന്റെ അച്ഛൻ നൽകിയ പേരാണ് കോൺഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കാൻ എനിക്കിപ്പോൾ സഹായകമായത്,” രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തന്റെ മൂന്നാം അങ്കമാണിതെന്നും രാഹുൽ പറഞ്ഞു. 2016 ൽ തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിലെ സിങ്കനല്ലൂർ മണ്ഡലത്തിൽനിന്നും മത്സരിച്ചു. 2014 ൽ കോയമ്പത്തൂർ നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

Rahul Gandhi

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നു

40 കാരനായ കെ.എം.ശിവപ്രസാദ് ഗാന്ധിയാണ് മറ്റൊരു അപരൻ. തൃശൂർ സ്കൂളിലെ സംസ്കൃത അധ്യാപകനാണ് ഇദ്ദേഹം. ”ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. എന്റെ അച്ഛൻ കെ.കെ.മുകുന്ദൻ കോൺഗ്രസ് പ്രവർത്തകനാണ്. പക്ഷേ എന്റെ പേരിലെ ഗാന്ധിക്ക് അച്ഛന്റെ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഞാൻ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയിൽ ചേർന്നത്. അതിനുശേഷമാണ് പേരിന്റെ കൂടെ ഗാന്ധി ചേർത്തത്. ഗസറ്റിൽ വിജ്ഞാപനം കൊടുത്താണ് പേരു മാറ്റിയത്,” അദ്ദേഹം പറഞ്ഞു.

”എല്ലാ ഗ്രാമങ്ങളെയും സ്വയം പര്യാപ്തമാക്കണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ അജണ്ട. ഞങ്ങളുടെ വികസ മോഡലിനെക്കുറിച്ച് പറയാൻ കഴിഞ്ഞ 10 വർഷമായി മൻമോഹൻ സിങ്ങിനെയും നരേന്ദ്ര മോദിയെയും കാണാൻ ശ്രമിക്കുന്നു. പക്ഷേ ഇതുവരെ അവസരം കിട്ടിയിട്ടില്ല,” കെ.എം.ശിവപ്രസാദ് ഗാന്ധി പറഞ്ഞു.

അപരന്മാർ പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികൾക്ക് തലവേദനയാകാറുണ്ട്. വോട്ടർമാരെ കുഴയ്ക്കാൻ പേരിലെ സാമ്യം മൂലം അപരന്മാർക്ക് കഴിഞ്ഞിരുന്നു. അതിനാൽ ഈ വർഷം മുതൽ ആദ്യമായി വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ ഫൊട്ടോയും പതിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

കേരളത്തിൽ അപരന്മാർ എല്ലാ തിരഞ്ഞെടുപ്പിലും രംഗത്തു വരാറുണ്ട്. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അപരന്മാരിൽ പലരെയും പിന്നെ കാണാനാവില്ല. 2004 ലെ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ 1,009 വോട്ടുകൾക്ക് ആലപ്പുഴയിൽ പരാജയപ്പെട്ടിരുന്നു. സുധീരന്റെ അപരനാണ് അദ്ദേഹത്തിന്റെ പരാജയത്തിന് കാരണക്കാരനായത്. അപരനായ വി.എസ്.സുധീരന് 8,282 വോട്ടുകളാണ് കിട്ടിയത്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.